കൊളംബോ: ഇന്ത്യ ഉയർത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 126ന് ഓൾ ഔട്ടായി. ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് ജയം. 38 റണ്‍സിനാണ് ശ്രീലങ്കയെ ഇന്ത്യ എറിഞ്ഞിട്ടത്.
അവിഷ്ക ഫെർണാഡോ (26), മിനോദ് ഭാനുക്ക (10), ചാരിത് അസലങ്ക (44), ദാസുൻ ഷാനക (16) എന്നിവർക്ക് മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കാണാൻ സാധിച്ചത്. ഭൂവനേശ്വർ കുമാറിന്റെ മിന്നും പ്രകടനമാണ് ശ്രീലങ്കയെ തകർത്തത്. 3.3 ഓവറിൽ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഭൂവനേശ്വർ എറിഞ്ഞിട്ടത്. ദീപക് ചഹാർ രണ്ട് വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഇന്ത്യ 20 ഓവറിൽ 164 റണ്‍സ്എടുത്തു. സൂര്യകുമാർ യാദവ് (34 പന്തിൽ 50), നായകൻ ശിഖർ ധവാൻ (36 പന്തിൽ 46), സഞ്ജു (20 പന്തിൽ 27), ഇഷാൻ കിഷൻ (14 പന്തിൽ 20 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്.
ഇന്നിംഗ്സിന്റെ ആദ്യ പന്തിൽതന്നെ പൃഥ്വി ഷായെ ഇന്ത്യക്കു നഷ്ടമായി. സഞ്ജുവും ധവാനും ചേർന്ന രണ്ടാം വിക്കറ്റ് സഖ്യത്തിൽ 51 റണ്‍സാണ് നേടിയത്. സഞ്ജു പുറത്തായശേഷമെത്തിയ സൂര്യകുമാർ നായകനൊപ്പം ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. ധവാനും സൂര്യകുമാറും പുറത്തായശേഷം എത്തിയവരിൽ ഇഷാനൊഴികെ മറ്റാർക്കും മികവിലെത്താനായില്ല. ലങ്കയ്ക്കായി ദുഷ്മന്ത ചമീരയും വാനിന്ദു ഹസരംഗയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി