തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ബിജു കരീം, ബിജോയ്, സുനിൽകുമാർ, ജിൽസ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ നഗരത്തിൽ നിന്നാണ് ഇവർ പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനിൽ കുമാർ സെക്രട്ടറിയും ആയിരുന്നു. ജിൽസ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടൻ്റ്, ബിജോയ് കമ്മീഷൻ ഏജൻ്റായിരുന്നു.
തൃശ്ശൂർ അയ്യന്തോളിലൊരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. തട്ടിപ്പ് പുറത്ത് വന്നതോടെ ഒളിവിൽ പോയ പ്രതികൾ പിന്നീട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിർത്തിയിരുന്നു ഇത് കാരണമാണ് ഇവരെ കണ്ടെത്താൻ വൈകിയത്.
ബിജു കരീമും, ബിജോയുമാണ് തട്ടിപ്പിൻ്റെ മുഖ്യ ആസൂത്രകരെന്നാണ് കരുതുന്നത്. ഇനി രണ്ട് പേർ കൂടിയാണ് പിടിലാകാനുള്ളത്. ഇവർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റിൻ്റെ അക്കൗണ്ടൻ്റായ റെജി അനിൽകുമാറും, കിരണുമാണ് അവർ. കിരൺ ബിജു കരീമിൻ്റെ ബിനാമിയാണെന്നാണ് സൂചന. ഇയാൾ വിദേശത്തേക്ക് കടന്നോ എന്നും സംശയിക്കുന്നുണ്ട്.
രാവിലെ 10: 30 മുതൽ പ്രതികളുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. നേരത്തെ പല രേഖകളും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തിയതായി സൂചനയുണ്ട്. പിടിയിലായ പ്രതികളെ അവരുടെ വീടുകളിലേക്ക് തെളിവെടുപ്പിനായി കൊണ്ട് പോയി. പിപിഇ കിറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് പോയത്. വായ്പാ തട്ടിപ്പിലൂടെ കരസ്ഥമാക്കിയ പണം എന്ത് ചെയ്തുവെന്നാണ് ഇപ്പോൾ അന്വേഷിക്കുന്നത്.
സിപിഎമ്മിന്‍റെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആര്‍ സുനില്‍കുമാറാകട്ടെ കരുവന്നൂര്‍ ലോക്കല്‍കമ്മിറ്റി അംഗവും. ജിൽസും പാർട്ടി അംഗമാണ്.