മീരാഭായ് ചാനുവിന്റെ വെള്ളിത്തിളക്കത്തിന് പിന്നില്‍ കാതിലെ സ്വര്‍ണ്ണത്തിളക്കമോ? ചാനുവിന്റെ ഭാഗ്യത്തിന് പിന്നിലെ കഥ പറഞ്ഞ് അമ്മ

ന്യൂഡെല്‍ഹി: മകളിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ന്നപ്പോള്‍ അവളുടെ വിജയത്തിന് പിന്നില്‍ കാതിലെ സ്വര്‍ണ്ണക്കമ്മലുകള്‍ക്ക് പങ്കുണ്ടന്ന് വിശ്വസിക്കുകയാണ് ഓങ്ബി ടോംബി ലൈമ എന്ന അമ്മ. ചരിത്രപരമായ ഒരു വെള്ളി മെഡലിനും തിളങ്ങുന്ന പുഞ്ചിരിയ്ക്കുമൊപ്പം മിരാഭായ് ചാനുവിന്റെ ഒളിമ്പിക് വളയങ്ങളുടെ ആകൃതിയിലുള്ള സ്വര്‍ണ്ണ കമ്മലുകളും ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

അതിന് കാരണവുമുണ്ട്. മീരാഭായ് ചാനുവിന്റെ വിജയത്തിന് പിന്നില്‍ ആ കമ്മലുകള്‍ കൊണ്ടുവന്ന ഭാഗ്യമാണെന്നാണ് ചാനുവിന്റെ അമ്മയുടെ വിശ്വാസം. അമ്മ തന്നെ ചാനുവിന് സമ്മാനിച്ചതാണ് ആ കമ്മലുകള്‍.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വന്തം സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റാണ് അമ്മ ചാനുവിന് തിളങ്ങുന്ന അഞ്ച് വളയങ്ങളുടെ ആ കമ്മല്‍ സമ്മാനിച്ചത്. റിയോ ഒളിമ്പിക്‌സിനായി ചാനു പുറംപ്പെടുന്നതിന് മുന്‍പ് ആ കമ്മലുകള്‍ അമ്മ അവള്‍ക്ക് കാതിലിട്ടുകൊടുത്തു.

ഒളിമ്പിക് വളയങ്ങളുടെ ആകൃതിയിലുള്ള ആ കമ്മലുകള്‍ ചാനുവിന് ഭാഗ്യം സമ്മാനിക്കുമെന്നായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്. എന്നാല്‍ മൂന്ന് അവസരങ്ങളിലും പരാജയപ്പെട്ട് കണ്ണീരോടെയാണ് ചാനു റിയോയില്‍ നിന്ന് മടങ്ങിയത്.

എന്നിരുന്നാലും ഒരിക്കല്‍ ആ വിജയം മകളെ തേടിയെത്തുമെന്ന് അമ്മയ്ക്ക് പൂര്‍ണ വിശ്വാസമായിരുന്നു. ആ വിശ്വാസമാണ് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് വെള്ളി മെഡലായി ചാനുവിന്റെ കഴുത്തില്‍ തിളങ്ങുന്നത്.

ചാനുവിന്റെ പ്രകടനം നേരിട്ട് കാണാനായില്ലെങ്കിലും വീട്ടില്‍ ടെലിവിഷനിലൂടെ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞതായി ഈ അമ്മ പറയുന്നു. ഇത്തവണ മെഡല്‍ നേടുമെന്ന് ചാനുവിന് ഉറച്ച പ്രതിക്ഷയായിരുന്നുവെന്നും അമ്മ പറയുന്നു. കുടുംബക്കാരും സുഹൃത്തുക്കളുമെല്ലാം ചാനുവിന്റെ അഭിമാന നേട്ടം കാണാന്‍ വീട്ടിലെത്തിയിരുന്നു.

ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ 21 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് സായ്‌കോം മേരിഭായ് ചാനു ടോക്യോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ അണിഞ്ഞത്. ചാനുവിന്റെ നേട്ടത്തില്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ആശംസകള്‍ നേര്‍ന്നു.

മീരാഭായ് ചാനുവിന്റെ നേട്ടം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നേരേന്ദ്ര മോദി പറഞ്ഞു. ഇതിലും സന്തോഷമുള്ള മറ്റെന്തു തുടക്കമാണ് നമുക്ക് ആഗ്രഹിക്കാനാവുകയെന്നാണ് മോദി ട്വീറ്റ് ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , അഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കായിക ലോകത്തു നിന്നുള്ള മറ്റ് പ്രതിഭകള്‍, ചലചിത്ര താരങ്ങള്‍ എന്നിങ്ങിനെ സമസ്ത മേഖലയിലുള്ളവരും ചാനുവിന് അഭിനന്ദനം അറിയിച്ചു.