ദോഹ: ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ദോഹ വഴി സൗദിയിലേക്ക് യാത്ര ചെയ്യാൻ എത്തി നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നവർക്ക് നേരിട്ടത് കനത്ത സാമ്പത്തിക നഷ്ടം.
കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്ട് നിന്നും എയർ ഇന്ത്യ IX-373 വിമാനത്തിൽ ഖത്തറിൽ എത്തിയ പതിനേഴ് യാത്രക്കാരെയാണ് വൈകീട്ടോടെ നാട്ടിലേക്ക് തിരിച്ചയച്ചത്. ഓൺ അറൈവൽ വിസയിൽ വരുമ്പോൾ ഖത്തർ യാത്ര നിയമ പ്രകാരം പാലിക്കേണ്ട നിബന്ധനകൾ പാലിക്കാത്തതിന്റെ പേരിലാണ് ഇവർക്ക് നാട്ടിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നത്.
ഓൺ അറൈവൽ വിസയിൽ എത്തുന്ന യാത്രക്കാരുടെ കയ്യിൽ 5000 റിയാലിന് തുല്യമായ തുക അടങ്ങിയ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കണമെന്നാണ് നിർദേശം. അതല്ലെങ്കിൽ 5000 റിയാൽ കാശ് കയ്യിൽ കരുതണം. സന്ദർശക വിസയിലോ ഓൺ അറൈവൽ വിസയിലോ ഖത്തറിൽ എത്തുന്നവർക്ക് നേരത്തെ ഇത്തരമൊരു നിബന്ധന നിലവിലുണ്ടായിരുന്നെങ്കിലും കർശനമായി പാലിച്ചിരുന്നില്ല.ഇതാണ് പലരെയും ആശയക്കുഴപ്പത്തിലാക്കിയത്.
പുതിയ സാഹചര്യത്തിൽ ഈ നിബന്ധന കര്ശനമാക്കിയ കാര്യം പലരും അറിഞ്ഞിരുന്നില്ല. ഈ നിബന്ധന പാലിക്കാതെ തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ഖത്തർ വഴി യാത്ര ചെയ്തതും ഇതിന് തെളിവായി പല യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു. ട്രാവൽ ഏജൻസികളും എയർ ഇന്ത്യയും കൃത്യമായ മാർഗനിർദേശം നൽകാതെ ഇവരെ കടത്തി വിട്ടതും ഗുരുതര വീഴ്ച ആയിരുന്നു.