കൊച്ചി: ക്ലബ്ബ് ഹൗസിലെ ചർച്ചകളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ക്ലബ്ബ് ഹൗസിൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.
ക്ലബ്ബ് ഹൗസ് പ്ലാറ്റ്ഫോമുകളിൽ തുടർച്ചയായ സൈബർ പട്രോളിംഗ് നടത്തണമെന്നും നിർദ്ദേശമുണ്ട്. 18 വയസിൽ താഴെയുള്ളവർ ക്ലബ്ബ് ഹൗസിൽ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം. വ്യാജ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐടി സെക്രട്ടറി, ഡിജിപി ഉൾപ്പെടെ എട്ട് പേർക്ക് ബാലാവകാശ കമ്മീഷന് നോട്ടീസ് അയച്ചു. ക്ലബ് ഹൗസ് അംഗങ്ങളായ മുതിർന്ന ആളുകൾ പ്ലാറ്റ്ഫോമിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.