യുജിസിയുടെ ഓൺലൈൻ കോഴ്സുകൾ ; കേരള സർവകലാശാല പ്രാഥമിക അപേക്ഷ നൽകി; പ്രയോജനമാകുക ഒരു ലക്ഷത്തിലേറെ വിദ്യാർഥികൾക്ക്

തിരുവനന്തപുരം: യുജിസി പുതുതായി അനുവദിച്ച ഓൺലൈൻ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ ആരംഭിക്കാൻ കേരള സർവകലാശാല യുജിസിക്ക് പ്രാഥമിക അപേക്ഷ നൽകി. ഓപ്പൺ യൂണിവേഴ്സിറ്റി നിലവിൽ വന്നതിനെ തുടർന്ന് 1 പ്രവർത്തനം നിർത്തേണ്ടിവരുന്ന കേരള സർവ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗമാണ് ഓൺലൈൻ കോഴ്‌സുകൾക്കുള്ള അപേക്ഷ നിർദ്ദിഷ്ട അവസാന തീയതിയായ ജൂലൈ 15 ന് സമർപ്പിച്ചത്.

ഓൺലൈൻ കോഴ്സുകൾ ആരംഭിക്കുന്നത്തോടെ, സർവകലാശാലകൾക്ക് നിലവിലെ പോലെ അധികാരപരിധി നിശ്ചയിക്കാനാവില്ല.
കേരള സർവകലാശാല അഞ്ച് ഡിഗ്രി കോഴ്‌സുകളും മൂന്ന് പിജി കോഴ്‌സുകളും ആരംഭിക്കാനുള്ള പ്രാഥമിക അനുമതി തേടിയതായിട്ടുള്ളതായി അറിയുന്നു. യുജിസിയുടെ അനുമതി ലഭിച്ചു കഴിഞ്ഞ ശേഷം സിൻഡിക്കേറ്റും അക്കാഡമിക് കൗൺസിലും യോഗം ചേർന്ന് കോഴ്‌സുകളുടെ
നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനം കൈക്കൊള്ളും.

കൊറോണ വ്യാപനത്തെ തുടർന്നാണ് പുതിയ ഓൺലൈൻ കോഴ്‌സുകൾ രാജ്യത്ത് തുടങ്ങുവാൻ യുജിസി തീരുമാനിച്ചത്.
അനുവാദം ലഭിച്ചിട്ടുള്ള സർവകലാശാലകൾക്ക് യുജിസിയുടെ മുൻകൂർ അനുമതി കൂടാതെ തന്നെ പ്രാക്ടിക്കൽ/ ലബോറട്ടറി സൗകര്യങ്ങൾ ആവശ്യമില്ലാത്ത വിവിധ കോഴ്‌സുകൾ ആരംഭിക്കാനാവും.

ബിസിഎ, ബിബിഎ, ബി കോം, എം എസ് സി (മാത്തമറ്റിക്സ്), ജേർണലിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്കണോമിക്സ്, ഫിലോസഫി, സോഷ്യോളജി,സംസ്‌കൃതം തുടങ്ങിയ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര കോഴ്സുകളാണ് വിവിധ സർവകലാശാലകളിൽ അനുവദിച്ചിട്ടുള്ളത്. ഇൻറർനെറ്റ് കണക്ഷൻ, മൊബൈൽ ഫോൺ,ടാബ് ലാപ്ടോപ് എന്നിവയിലൂടെ സുരക്ഷിതമായി എവിടെയുമിരുന്ന് പഠിക്കാ നാവും എന്നതാണ് വിദ്യാർത്ഥികൾക്കുള്ള ആകർഷണം.

ഓൺലൈൻ കോഴ്‌സുകൾ റെഗുലർ കോഴ്‌സുകൾക്ക് തത്തുല്യമായി സർവകലാശാലകൾക്ക് നടത്താനാവും. പഠന ചെലവ് താരതമ്യേന കുറവുമായിരിക്കും. ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതോടെ ഓപ്പൺ യൂണിവേഴ്സിറ്റികളിൽ വി ദ്യാർഥി പ്രവേശനം ഗണ്യ മായി കുറയും.

പ്രതിവർഷം കോളേജുകളിൽ പ്രവേശനം ലഭിക്കാത്ത കേരളത്തിലെ ഒരു ലക്ഷത്തിലേറെ വരുന്ന വിദ്യാർഥികൾക്ക് ഉപരി പഠനത്തിന് മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകൾ (Massive Open Online Courses – MOOCS – മൂക്സ്) സഹായകമാകും. ഓപ്പൺ സർവകലാശാല ആരംഭിച്ചതിനെ തുടർന്നുണ്ടാകുന്ന വിദ്യാർഥികളുടെ എണ്ണത്തിലെ ഗണ്യമായ കുറവും സർവകലാശാലയുടെ ആഭ്യന്തര വരുമാനത്തിലെ കുറവും ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിലൂടെ നികാത്താനാവും. കേരളത്തിൽ ഈ കോഴ്സുകൾ ആരംഭിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായിവരും.

കേരള, കാലിക്കറ്റ്, എംജി സർവകലാശാലകൾക്ക് യുജിസി നിബന്ധനപ്രകാരമുള്ള സ്കോർ പോയിന്റ് ഉള്ളതുകൊണ്ട് മൂക്സ് നടത്തുവാൻ അർഹതയുണ്ട്. ഓപ്പൺ യൂണിവേഴ്സിറ്റി ആക്ടിലൂടെ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഓൺലൈൻ കോഴ്‌സുകൾക്ക് യുജിസി യിൽ അപേക്ഷ സമർപ്പിക്കുന്നതിന് തടസ്സമായത്. തമിഴ്നാട്, കർണാടക, തെലുങ്കാന ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ 42 സർവകലാശാലകൾക്കാണ് ഓൺലൈൻ കോഴ്സുകൾ നടത്തുവാനുള്ള യുജിസി അനുമതി ലഭിച്ചിട്ടുള്ളത്. ചില സ്വകാര്യ സർവകലാശാലകളും ഓൺലൈൻ ബിരുദകോഴ്‌സുകൾ ആരംഭിച്ചിട്ടുണ്ട്.