മംഗളുരു: യോഗ ചെയ്യുന്നതിനിടെ വീണ് തലക്ക് ഗുരുതര പരിക്കേറ്റ മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്കാർ ഫെർണാണ്ടസിനെ വെന്റിലേറ്ററിലേക്ക് മാറ്റി. അബോധാവസ്ഥയിൽ മംഗളുരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന ഫെർണാണ്ടസിനെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.
ഫെർണാണ്ടസിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. എന്നാൽ വൃക്ക തകരാർ ഉൾപ്പെടെ വിവിധ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ഉടൻ ശസ്ത്രക്രിയ നടത്തുന്ന കാര്യത്തിൽ ഡോക്ടർമാർക്ക് ആശങ്കയുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ മംഗളുരു അത്താവറിലെ ഫ്ളാറ്റിൽ വെച്ചായിരുന്നു വീഴ്ച്ച. വീഴ്ചക്ക് ശേഷം ഫെർണാണ്ടസിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാൽ വൈകിട്ട് പതിവു വൈദ്യപരിശോധനക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ രക്തം കട്ട കെട്ടിയതായി കണ്ടെത്തിയത്. രാത്രിയോടെ അബോധാവസ്ഥയിൽ ആവുകയും ഐസിയുവിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.