തിരുവനന്തപുരം: എൻസിപി നേതാവിനെതിരെ ഉയർന്ന പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുക്കാനാകുമോ എന്ന് പോലീസ് നിയമോപദേശം തേടി. പരാതിക്കാരിയുടെ പിതാവുമായി ശശീന്ദ്രൻ നടത്തിയ ഫോണ് സംഭാഷണത്തെ അടിസ്ഥാനമാക്കിയാണ് പോലീസ് കേസെടുക്കാൻ സാധിക്കുമോ എന്ന് നിയമോപദേശം തേടിയിരിക്കുന്നത്.
എൻസിപി നേതാവും കുണ്ടറയിലെ ഹോട്ടൽ ഉടമയുമായ പത്മാകരനെതിരെയാണ് പീഡനശ്രമ കേസ്. പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് സ്ത്രീ കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27ന് നൽകിയ പരാതി.
സ്ത്രീ പോലീസിൽ പരാതി നൽകിയതറിഞ്ഞ മന്ത്രി സ്വന്തം ഫോണിൽ സ്ത്രീയുടെ പിതാവിനെ വിളിച്ച് കേസ് നല്ല രീതിയിൽ ഒത്തു തീരണം എന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം.