ന്യൂഡെൽഹി: കൊറോണ വ്യാപനം കൈകാര്യം ചെയ്യലിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. നോട്ട്നിരോധനം പോലെ ലോക്ഡൗണും പ്രഖ്യാപിച്ചത് രായ്ക്കുരാമാനമായിരുന്നു. സർക്കാർ അതിന് സജ്ജമായിരുന്നില്ല. ആളുകൾക്ക് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ട്രെയിനുകൾ ഉണ്ടായിരുന്നില്ല. ആളുകളുടെ ജീവിതമാർഗം ബാധിക്കപ്പെട്ടു. സർക്കാർ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂ- ഖാർഗെ പറഞ്ഞു.
മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് അവർ എന്താണ് ചെയ്തത്? നിങ്ങൾ നിങ്ങളുടെ തന്നെ നിയമങ്ങൾ ലംഘിക്കുകയാണ്. കൊറോണ മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനുള്ള ക്രെഡിറ്റ് അവർക്ക് നൽകണമെന്നും ഖാർഗെ പറഞ്ഞു.
ജനങ്ങളോട് പാത്രങ്ങൾ കൊട്ടാനും ദീപങ്ങൾ തെളിയിക്കാനും പ്രധാനമന്ത്രി മോദി അഭ്യർഥിച്ചു. ആളുകൾ അദ്ദേഹത്തെ വിശ്വസിക്കുകയും അതെല്ലാം ചെയ്യുകയും ചെയ്തു. മോദി അദ്ദേഹത്തിന്റെ വാഗ്ദാനം നടപ്പാക്കിയില്ല, പകരം ജനങ്ങളെ നിരാശപ്പെടുത്തി. അതിന്റെ പഴി ഏറ്റെടുക്കുന്നതിനു പകരം ആരോഗ്യമന്ത്രിയെ മോദി ബലിയാടാക്കി എന്നും ഖാർഗെ വിമർശിച്ചു.