ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തൃശ്ശൂർ സ്വദേശിക്കെതിരെ നാൽപതിലേറെ പരാതികൾ; തട്ടിയത് ഒരു കോടിയിലധികം രൂപ

തൃശ്ശൂർ: ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ഒരു കോടിയിലധികം രൂപ. തൃശ്ശൂർ ആൽപ്പാറ സ്വദേശി സതീഷിനെതിരെയാണ് പണം നൽകിയ നാൽപ്പതിലേറെ പേർ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.

വിലങ്ങന്നൂർ സ്വദേശി ജോൺ, തനിക്കും ഭാര്യയ്ക്കും ഹോങ്കോങ്ങിൽ ജോലി കിട്ടാനായി കഴിഞ്ഞ വർഷം ജൂണിൽ രണ്ട് ലക്ഷം രൂപയാണ് സതീഷിന് നൽകിയത്. മാർച്ച് മാസം യാത്രാ ടിക്കറ്റിനായും പണം നൽകി. ടിക്കറ്റും വീസയും നൽകാമെന്നേറ്റ ദിവസം മുതൽ പണം വാങ്ങിയവരെക്കുറിച്ച് ഒരു വിവരവുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ല.

ഹോങ്കോങ്ങ് ഇന്റർനാഷണൽ ടെർമിനലിൽ ഷെഫ്, സൂപ്പർവൈസർ, മെക്കാനിക് എന്നീ ജോലികൾ നൽകാമെന്ന വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. നേരത്തെ സതീഷും കൂട്ടരും ഹോങ്കോങ്ങിലേക്ക് 9 പേരെ കൊണ്ടുപോകുന്നതിനിടെ മക്കാവോയിൽ വച്ച് യാത്ര അവസാനിപ്പിച്ചിരുന്നു. കൊറോണ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അന്ന് യാത്ര മുടങ്ങിയത്. ഈ 9 പേരെ കൊണ്ടു പോയതിൽ വിശ്വസിച്ചാണ് ബാക്കിയുള്ളവർ പണം നൽകിയത്.

ഹോങ്കോങ്ങിലെ തോമസ് എന്ന ആളുമായി സഹകരിച്ചാണ് ജോലി നൽകാമെന്ന വാഗ്ദാനം സതീഷ് നൽകിയത്. ഏറെ നാൾ ഫോണിൽ സംസാരിച്ചിരുന്ന തോമസും പിന്നീട് അപ്രത്യക്ഷനായി. പീച്ചി പൊലീസിനെ ആദ്യം പരാതിയുമായി സമീപിച്ചെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചതെന്ന് പരാതിക്കാർ പറയുന്നു. സംഭവത്തിൽ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.