വിയന്ന: സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതോടെ ഓഗസ്റ്റില്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് ഒപെക് പ്ലസ് രാജ്യങ്ങള്‍. വിയന്ന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് വാര്‍ത്താകുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടത്.
യുഎഇയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വര്‍ധിപ്പിച്ചിരുന്നില്ല. ഓഗസ്റ്റ് മുതല്‍ പ്രതിദിനം നാല് ലക്ഷം ബാരല്‍ അധിക ഉല്‍പാദനത്തിനാണ് തീരുമാനം. എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ ആഗോള സാമ്പത്തിക ഉത്തേജനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള തര്‍ക്കം കാരണം ഒപെക് പ്ലസ് രാജ്യങ്ങളുടെ ചര്‍ച്ച തടസ്സപ്പെട്ടിരിക്കുകയായിരുന്നു.
കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചത്. പിന്നീട് പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും ഉല്‍പാദനം വര്‍ധിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ക്രൂഡ് ഓയിലിന് വില വര്‍ധിച്ചു. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും യുഎഇയുടെ എതിര്‍പ്പ് കാരണം ഉല്‍പാദനം വര്‍ധിച്ചിരുന്നില്ല.
എണ്ണ ഉല്‍പാദനം വര്‍ധിക്കുന്നതോടെ ഇന്ധന വില കുറയുമെന്നാണ് പ്രതീക്ഷ. ഇന്ത്യ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ഇന്ധന ഇറക്കുമതി ചെലവ് കുറഞ്ഞാല്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഇന്ധനവില പെട്രോള്‍ ലിറ്ററിന് 100 രൂപ കടന്നു. ഡീസല്‍ വിലയും കുതിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാത്തതാണ് ഇന്ത്യയിലെ വിലക്കയറ്റത്തിന് കാരണമെന്നാണ് സര്‍ക്കാരിൻ്റെ വിശദീകരണം. തുടര്‍ന്ന് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞേക്കും. ഇന്ത്യന്‍ വിപണിയില്‍ വില കുറയുമോ എന്നതാണ് ജനം ഉറ്റുനോക്കുന്നത്.