ആഗ്ര: ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകൽ 19 കിലോ സ്വർണം കവർന്നു. കമലാനഗറിലെ സ്വകാര്യ സ്വർണപണയ സ്ഥാപനത്തിലാണ് അഞ്ചംഗസംഘം 9.5 കോടി രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നത്. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട അഞ്ചംഗസംഘത്തിൽ രണ്ടുപേരെ പിന്നീട് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ഇവരിൽനിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കമലാനഗറിലെ സ്ഥാപനത്തിൽ കവർച്ച നടന്നത്. ബാഗുകളുമായി സ്ഥാപനത്തിലേക്ക് ഇരച്ചെത്തിയ അഞ്ചംഗസംഘം ജീവനക്കാരെ ബന്ദിയാക്കിയ ശേഷമാണ് സ്വർണം കവർന്നത്. ഏകദേശം 25 മിനിറ്റ് കൊണ്ട് ഇവർ സ്വർണം മുഴുവൻ കൈക്കലാക്കി. ഈ സമയം ഇടപാടുകാരാരും സ്ഥാപനത്തിലുണ്ടായിരുന്നില്ല.
സ്വർണവുമായി കവർച്ചാസംഘം സ്ഥാപനത്തിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാർ പോലീസിൽ വിവരമറിയിച്ചത്. ആഗ്ര എഡിജിപി രാജീവ് കൃഷ്ണ, ഐജി നവീൻ അറോറ, എസ്.എസ്.പി. മുനിരാജ്, എസ്പി ബോത്രെ രോഹൻ പ്രമോദ് തുടങ്ങിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി.
പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ള വഴികളിലെല്ലാം നിമിഷങ്ങൾക്കുള്ളിൽ പോലീസ് പരിശോധന ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷം കമലാനഗറിൽനിന്ന് 17 കിലോമീറ്റർ അകലെവെച്ച് കവർച്ചാസംഘം പോലീസിന്റെ കൺമുന്നിൽപ്പെട്ടത്.
പോലീസ് പിടികൂടാൻ ശ്രമിച്ചതോടെ കവർച്ചാസംഘം പോലീസിന് നേരേ വെടിയുതിർത്തു. ഇതോടെ പോലീസും തിരിച്ചടിച്ചു. വെടിവെപ്പിൽ രണ്ടുപേർ പരിക്കേറ്റ് വീണു. മൂന്നുപേർ രക്ഷപ്പെടുകയും ചെയ്തു. മനീഷ് പാണ്ഡെ, നിർദോഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് എസ്.എൻ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇരുവരും ചികിത്സയിലിരിക്കെ മരിച്ചു.
പ്രതികളിൽനിന്ന് അഞ്ച് കോടി രൂപയുടെ സ്വർണം കണ്ടെടുത്തതായാണ് പോലീസ് നൽകുന്നവിവരം. നാടൻ തോക്കുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട മൂന്ന് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ആഗ്ര എ.ഡി.ജി. രാജീവ് കൃഷ്ണ പറഞ്ഞു.