സ്വർണക്കടത്തിന് പിന്നിൽ അധോലോക സംഘങ്ങൾ; സൈബർസെല്ലിനെ പ്രതിരോധിക്കാൻ പ്രത്യേക സോഫ്റ്റ്‌വേർ ഉപയോഗിച്ച് കോളുകൾ

കോഴിക്കോട്: വ്യാപകമായി നടക്കുന്ന സ്വർണ്ണക്കടത്തിന് അധോലോക സംഘങ്ങളെന്ന് സൂചന. കൊയിലാണ്ടി ഊരള്ളൂരിൽ സ്വർണമിടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോകാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തതും ഇത്തരം അധോലോകബന്ധമുള്ള കാസർകോട് സ്വദേശി. വിദേശത്തുനിന്നാണ് ക്വട്ടേഷൻ നൽകിയതെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിൽ നാദാപുരം തൂണേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഘംതന്നെയാണ് ഇതിനുപിന്നിലെന്നും സംശയമുണ്ട്. ആ കേസിൽ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. മാത്രമല്ല, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള സൈബർസെല്ലിന്റെ അന്വേഷണത്തെ പ്രതിരോധിക്കാൻ അന്ന് പ്രത്യേക സോഫ്റ്റ്‌വേർ ഉപയോഗിച്ച് കോളുകൾ ചെയ്തതായും കണ്ടെത്തിയിരുന്നു. ഈ കേസിലും സമാനരീതി കണ്ടെത്തിയിട്ടുണ്ട്.

തൂണേരിയിലെ പ്രവാസി അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ കാസർകോട് ഭാഷ സംസാരിച്ചിരുന്നവർ ഉണ്ടായിരുന്നെന്ന് അന്ന് അഹമ്മദ് മൊഴിനൽകിയിരുന്നു. ഊരള്ളൂരിൽ തട്ടിക്കൊണ്ടുപോകപ്പെട്ട അഷ്‌റഫും സമാനമായ മൊഴി നൽകിയിട്ടുണ്ട്. ഈ സാമ്യങ്ങളാണ് പ്രധാനമായും അധോലോകസംഘത്തിൽപ്പെട്ട കാസർകോട് സ്വദേശിയാണ് ക്വട്ടേഷനുപിന്നിലെന്ന സംശയം ഉയരാൻകാരണം.

ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ക്വട്ടേഷനുകൾ പലതും ഏറ്റെടുക്കുന്നത് ഇയാളുടെ നേതൃത്വത്തിലാണ്. ക്വട്ടേഷൻ ഇയാൾ മറ്റുസംഘങ്ങൾക്ക് മറിച്ചുനൽകും. എങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ മുഴുവൻ നിയന്ത്രണവും ഇയാളുടെ കൈയിൽത്തന്നെയായിരിക്കും. തൂണേരി സംഭവത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വാഹനംപോലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സൈബർ തെളിവ് അവശേഷിപ്പിക്കാതെ ഓപ്പറേഷൻ നടത്തുന്നതിനാൽ പ്രൊഫഷണൽസംഘം തന്നെയാണ് പിന്നിലെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്.

അതേസമയം ഊരള്ളൂരിലെ അഷറഫിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെയും അഷറഫ് സ്വർണം കൈമാറിയതായി പറയപ്പെടുന്ന നാദാപുരം നരിക്കാട്ടേരി സ്വദേശി അഖിനെയും കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. അന്വേഷണം ശക്തമാക്കിയതോടെ അഖിൻ ഒളിവിൽ പോയതായാണ് സൂചന.

അഖിനെ കിട്ടിയാൽ എത്ര തൂക്കം സ്വർണമാണ് കൊണ്ടുവന്നത്, ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം അറിയാൻ കഴിയും. രാമനാട്ടുകര കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി അഖിന് വല്ല ബന്ധവും ഉണ്ടെങ്കിൽ അക്കാര്യവും ഇതോടെ വ്യക്തമാകും.

കഴിഞ്ഞദിവസം പുറത്തുവന്ന കൊടി സുനിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദ സന്ദേശത്തിന്റെ ആധികാരികതയും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ശബ്ദസന്ദേശം കൊടി സുനിയുടെ പേരിൽ അഖിൻ കൃത്രിമമായി ഉണ്ടാക്കിയതാണോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്.

അഷറഫ് കൊണ്ടുവന്ന സ്വർണം ലഭിക്കാതെ വന്ന കൊടുവള്ളിസംഘം അഷറഫിനെ ഭീഷണിപ്പെടുത്തി സ്വർണം കൈക്കലാക്കാനുള്ള ശ്രമം തുടങ്ങിയപ്പോൾ, അതിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായിരിക്കാം കൊടി സുനിയുടേതെന്ന പേരിൽ ഒരു ശബ്ദ സന്ദേശമുണ്ടാക്കി അഷറഫിന്റെ ഫോണിലേക്ക് അയക്കാൻ അഖിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് അനുമാനിക്കുന്നു.

അഖിനും അഷറഫും നേരെത്തേതന്നെ സൗദിയിൽവെച്ച് പരിചയത്തിലായിരുന്നുവെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താൽ മാത്രമേ ഈ കേസിന്റെ യഥാർഥചിത്രം ലഭിക്കുകയുള്ളൂ.