ടോക്യോ: ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് തിരിതെളിയാന്‍ ആറ് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒളിമ്പിക്‌സ് വില്ലേജില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. സിക്രീനിംഗ് ടെസ്റ്റിനിടെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി സംഘാടകര്‍ തന്നെയാണ് വ്യക്തമാക്കിയത്. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. താരങ്ങളും ഒഫീഷ്യൽസും താമസിക്കുന്ന ഒളിമ്പിക്‌സ് വില്ലേജിന് പുറത്തെ ഹോട്ടലിലാണ് കൊറോണ പോസിറ്റീവായ ആളെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കൊറോണ പ്രതിരോധത്തിനായി എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുളളതായി സംഘാടകർ അറിയിച്ചു.
അതേസമയം ആര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നോ, ഏത് രാജ്യത്ത് നിന്നുള്ള ആളാണെന്നോ വ്യക്തമാക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. കൊറോണ പ്രതിരോധത്തിനായി ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ചെയ്യേണ്ടതെന്തെന്ന് വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഗെയിംസിന്റെ ചീഫ് ഓര്‍ഗനൈസര്‍ സീകോ ഹാഷിമോട്ടോ പറഞ്ഞു.
ടോക്യോ ഒളിമ്പിക്‌സ് നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധര്‍ നേരത്തെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. പല രാജ്യങ്ങളില്‍ നിന്ന് എത്തുന്ന സംഘങ്ങളില്‍ കൊറോണ പടര്‍ന്ന് പിടിച്ചാല്‍ അത് പുതിയ വകഭേദങ്ങള്‍ക്ക് കാരണമാകുമെന്നും വൈറസ് ബാധ അതി രൂക്ഷമായി ലോകത്താകമാനം പടരുമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്.
കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇതിനകം ഒരു വര്‍ഷം മാറ്റിവച്ച ഒളിമ്പിക്‌സാണ് ഇപ്പോള്‍ നടക്കാനിരിക്കുന്നത്.വൈറസ് ബാധ കണക്കിലെടുത്ത് ആരോഗ്യ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
ടോക്കിയോ നഗരത്തിൽ ഈ മാസം 23നാണ് ഒളിമ്പിക്‌സിന് തുടക്കമാകുന്നത്. കൊറോണ ഡെൽറ്റാ വകഭേദം വ്യാപിക്കുന്നതിനാൽ ടോക്കിയോയിൽ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിമ്പിക്‌സ് നടക്കുന്നത്. ജൂലായ് 12ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ഓഗസ്റ്റ് 22 വരെ നീളും. അതിനാൽ ഇത്തവണ കാണികൾക്ക് ഒളിമ്പിക് വേദികളിലേക്ക് പ്രവേശനമുണ്ടാകില്ല.
228 അംഗ ഇന്ത്യൻ സംഘമാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കാനായി ടോക്കിയോയിലെത്തുക. ഇവരിൽ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉൾപ്പെട്ടിരിക്കുന്നു. രാജ്യത്തെ പ്രതിനിധീകരിച്ച് 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.