കാലിഫോര്‍ണിയ: ആയിരം വാക്കുകള്‍ക്ക് തുല്യമാണ് ഒരു ഫോട്ടോ എന്ന് പറയും പോലും ടെക് യുഗത്തില്‍ വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാനുള്ള ഏറ്റവും വലിയ ഭാഷയാണ് ഇമോജികള്‍. ചിലപ്പോള്‍ ഒരു ഇമോജി മാത്രം മതി പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം പൂര്‍ത്തിയായി എന്നുവരും. അങ്ങിനെയുള്ള ഇമോജികള്‍ക്കും ഉണ്ട് ഒരു ദിനം. അതേ, ജൂലൈ 17, ഇന്ന് ഇമോജികളുടെ ദിനമെന്നാണ് അറിയപ്പെടുന്നത്.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിങ്ങനെ ഏത് സമൂഹമാധ്യമമായാലും ഇമോജികള്‍ ഒരിക്കല്‍പ്പോലും ഉപയോഗിക്കാത്തവരുണ്ടാകില്ല. എന്തിന് നിങ്ങളുടെ അവസാനത്തെ വാട്‌സ്ആപ്പ് ചാറ്റ് എടുത്ത് നോക്കൂ? തീര്‍ച്ചയായും ഒരു ഇമോജി നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും.
ദേഷ്യം, സ്‌നേഹം, സന്തോഷം, ആനന്ദം, ചിരി, വെറുപ്പ് , പുച്ഛം എന്നിങ്ങനെ വികാരങ്ങള്‍ എന്തു തന്നെ ആയിക്കൊള്ളട്ടെ ഇമോജികള്‍ പറയും നിങ്ങളുടെ ഭാഷ. മഞ്ഞ കളറില്‍ വട്ടത്തില്‍ നില്‍ക്കുന്ന കുഞ്ഞന്‍മാത്രമല്ല ഇമോജികള്‍. ഇപ്പോള്‍ ഇവയ്ക്ക് ലോകത്തുള്ള എന്ത് വസ്തുക്കളുടേയും രൂപങ്ങളുണ്ട്. അര്‍ത്ഥമറിഞ്ഞും അറിയാതെയും നമ്മള്‍ ഇവയെ ചാറ്റുകളിലും കമന്റുകളിലും വാരിവിതറാറുമുണ്ട്.
അപ്പോള്‍ മനുഷ്യ വികാരങ്ങളുടെ ഈ ടെക് ഭാഷകളുടെ പിറവി എവിടെയാണെന്ന് കൂടി അറിയേണ്ടേ ? ജപ്പാനില്‍ നിന്നാണ് ഇമോജി വരുന്നത്. ചിത്രങ്ങള്‍ പോലെ എഴുതുന്ന ജാപ്പനീസ് ഭാഷയില്‍ ‘ഇ’ എന്നാല്‍ ചിത്രം എന്നും ‘മോ’ എന്നാല്‍ എഴുത്ത്, ‘ജി’ എന്നാല്‍ അക്ഷരം എന്നുമാണ് അര്‍ഥം. 1999ല്‍ ആണ് ഇമോജിയുടെ ജനനം. ജപ്പാനീസ് അര്‍ട്ടിസ്റ്റ്, ഷിഗറ്റെകാ കുരീറ്റയാണ് ഇമോജികളുടെ പിതാവ്. എന്‍ടിടി ഡോക്കോമോ എന്ന മൊബൈല്‍ഫോണ്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു കുരീറ്റ. ഔദ്യോഗിക സംഭാഷണങ്ങള്‍ കുറഞ്ഞ അക്ഷരങ്ങളില്‍ അയയ്ക്കാന്‍ വേണ്ടിയാണ് കുരീറ്റ ഈ രീതി കണ്ടുപിടിച്ചത്. ഇന്നത്തെപ്പോലെ സൗന്ദര്യമുള്ള ഇമോജികളല്ല ആദ്യം ഉണ്ടായിരുന്നത്. 12X12 പിക്‌സലുകളിലുള്ള ഒരു ഗ്രിഡിലാണ് കുരീറ്റ ആദ്യമായി ഇമോജികളെ അവതരിപ്പിച്ചത്. അതിന് അദ്ദേഹത്തിന് സഹായകമായത് ജപ്പാനിലെ കാര്‍ട്ടൂണ്‍ അനിമേഷന്‍ രീതിയായ മാംഗയായിരുന്നു.
ഒരു സന്ദേശത്തില്‍ ഇമോജികള്‍ക്കുള്ള സ്ഥാനം എത്രവലുതാണെന്ന് അറിയാമല്ലോ , അപ്പോള്‍ ഇവര്‍ അത്ര നിസ്സാരക്കാരുമല്ല.സര്‍വ്വ വിജ്ഞാന കോശത്തിന് തുല്യമായ റഫറന്‍സ് വിഭാഗം പോലുമുണ്ട് ഇവയ്ക്ക്. അതാണ് ഇമോജിപീഡിയ. ലോകത്തെ ഇമോജികള്‍ക്കുള്ള സര്‍വ്വ വിജ്ഞാനകോശമെന്നാണ് റഫറന്‍സ് വൈബ്സെറ്റായ ഇവ അറിയപ്പെടുന്നത്. യൂണികോഡ് സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമോജിപീഡിയയില്‍ ഓരോ ഇമോജികള്‍ക്കുമുള്ള അര്‍ത്ഥവും വിശദാംശങ്ങളുമുണ്ട്.
2013ല്‍ ജെര്‍മ്മി ബര്‍ജ് ആണ് ഇമോജിപീഡിയ സ്ഥാപിച്ചത്. അടുത്ത വര്‍ഷം മുതല്‍ ജൂലൈ 17 ഇമോജി ദിനമായി ആഘോഷിക്കാന്‍ ജെര്‍മ്മി ബര്‍ജ് തീരുമാനിച്ചു. റിപോര്‍ട്ടുകള്‍ അനുസരിച്ച് ആപ്പിളിന്റെ ഐഓഎസ്സില്‍ 17 എന്നതിന്റെ ഇമോജിയാണ് ഈ ദിവസം തന്നെ ലോക ഇമോജി ദിനമായി തിരഞ്ഞെടുക്കാന്‍ കാരണം.
സൈബര്‍ ലോകത്തില്‍ ഒരു യുദ്ധത്തിന് വരെ കാരണക്കാരയവരാണ് ഈ ഇമോജികള്‍ എന്നറിയുമ്പോള്‍ അല്പം കൗതുകം കൂടും. അതും ആപ്പിളും ഗൂഗിളും തമ്മില്‍. സംഭവം വേറൊന്നുമല്ല, ആപ്പിള്‍ പുറത്തിറക്കിയ ബര്‍ഗര്‍ ഇമോജിയും ഗൂഗിള്‍ പുറത്തിറക്കിയ ഇമോജിയുമായിരുന്നു സൈബര്‍ യുദ്ധത്തിന് കാരണമായത്. ഇമോജിയിലെ ബര്‍ഗറില്‍ അടുക്കിയിരുന്ന ഓരോ ഭക്ഷണ വിഭവത്തിന്റെയും അടുക്ക് ശരിയല്ലെന്നതായിരുന്നു ടെക് ഭീമന്മാരുടെ ഇടയിലെ തര്‍ക്കം. തങ്ങളുടെ ബര്‍ഗറാണ് ശരിയെന്ന് ഇരുവരും വാദിച്ചു. ഒടുവില്‍ തെറ്റ് പറ്റിയത് തങ്ങള്‍ക്കാണെന്ന് ഗൂഗിളിന് ബോധ്യപ്പെട്ടതോടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ നേരിട്ട് ക്ഷമാപണവും നടത്തിയെന്നത് ചരിത്രം.
ഇതും കൊണ്ടും തീര്‍ന്നില്ല ഇമോജി ദിനം ആഘോഷമാക്കന്‍ പുതിയൊരു ഫീച്ചര്‍ തയ്യാറാക്കിയിട്ടുണ്ട് ഫെയ്‌സ്ബുക്ക്. നിങ്ങള്‍ക്ക് അയക്കുന്ന ഇമോജിയെ ഒന്ന് പൊളിയാക്കാന്‍ ‘സൗണ്ട്‌മോജി’യാണ് എത്തിയിരിക്കുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ആരെയെങ്കിലും ഒന്ന് അഭിനന്ദിക്കാന്‍ തോന്നിയോ , ക്ലാപ് സൗണ്ടോടെയുള്ള ഇമോജി റെഡിയാണ്. ഇമോജി അയക്കുമ്പോള്‍ കൈയ്യടിക്കുന്ന ശബ്ദം കേള്‍ക്കാം.
ചുരുക്കി പറഞ്ഞാല്‍ ഓരോ ഇമോജിയ്ക്കും അനുയോജ്യമായ ശബ്ദങ്ങള്‍ അകമ്പടിയായി എത്തും. തത്കാലം ഫേസ്ബുക്ക് മെസഞ്ചര്‍ അപ്ലിക്കേഷനില്‍ മാത്രമേ സൗണ്ട്‌മോജി ലഭിക്കൂ. കൂടുതല്‍ സൗണ്ട്‌മോജികള്‍ അധികം താമസമില്ലാതെ എത്തും എന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇവ എങ്ങിനെ ഉപയോഗിക്കാം എന്ന് കൂടി നോക്കാം.
സൗണ്ട്‌മോജി എങ്ങനെ ഉപയോഗിക്കാം?
ഫേസ്ബുക്ക് മെസഞ്ചര്‍ അപ്ലിക്കേഷന്‍ തുറക്കുക
ഒരു ചാറ്റ് ബോക്സ് തുറക്കുക (പുതിയതോ, നിലവിലുള്ളതോ)
ഇമോജി ഐക്കണ്‍ തിരഞ്ഞെടുക്കുക. പോപ്പ് അപ്പ് എക്‌സ്‌പ്രെഷന്‍ മെനു വരും
ഉച്ചഭാഷിണിയുടെ (ലൗഡ്‌സ്പീക്കര്‍) ഐക്കണ്‍ അമര്‍ത്തുക
ഇഷ്ടമുള്ള സൗണ്ട്‌മോജി തിരഞ്ഞെടുക്കുക മെസ്സഞ്ചറില്‍ സെന്‍ഡ് ചെയ്യുക
മെസ്സഞ്ചറില്‍ സൗണ്ട്‌മോജിയ്ക്ക് മികച്ച സ്വീകരണം ലഭിച്ചാല്‍ അധികം താമസമില്ലാതെ ഫേസ്ബുക്കിലും, ഇന്‍സ്റ്റാഗ്രാമിലും, വാട്‌സ്ആപ്പിലും സൗണ്ട്‌മോജി എത്തും.