ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിച്ച നടപടിയില്‍ ആശങ്ക വേണ്ട; പ്രതിപക്ഷ നേതാവും നടപടി സ്വാഗതം ചെയ്തു: മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിച്ച സര്‍ക്കാര്‍ നടപടിയില്‍ ഒരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ ആനുകൂല്യങ്ങള്‍ കിട്ടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. ഇപ്പോള്‍ കിട്ടുന്ന ആനുകൂല്യത്തില്‍ കുറവ് വരികയുമില്ല.

പരാതിയുള്ളവര്‍ക്ക് ജനസംഖ്യാനുപാതത്തില്‍ ആകുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടും. എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യമാണത്. അതാണ് പ്രതിപക്ഷ നേതാവ് നടപടിയെ ആദ്യം സ്വാഗതം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് അനുപാതം തീരുമാനിക്കണമെന്നും ന്യൂനപക്ഷങ്ങളെ ഒരുപോലെ കാണണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതിന് അനുസൃതമായ തീരുമാനമാണ് സര്‍ക്കാരെടുത്തത്. ആര്‍ക്കും കുറവില്ലാതെ അര്‍ഹതപ്പെട്ടതു കൊടുക്കുന്നതില്‍ പ്രശ്‌നം കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.