ഹൈക്കോടതി പിഴ വിധിച്ചിട്ടും തമിഴ് സൂപ്പർതാരം വിജയ് പിന്നോട്ടില്ല; കോടതിയുടെ റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചു; വീണ്ടും കോടതിയെ സമീപിക്കുമെന്ന് താരം

ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബര കാറിന് നികുതി ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ച് പിഴശിക്ഷ കിട്ടിയ തമിഴ് സൂപ്പർതാരം വിജയ് വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കും. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കാനും ഒരുങ്ങുകയാണ് വിജയ്.

പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും വിജയുടെ അഭിഭാഷകൻ കുമാരേശൻ അറിയിച്ചു. കോടതിയുടെ റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചെന്നും പിൻവലിക്കണമെന്നും ആവശ്യപ്പെട്ടും. താരത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ റീൽ ഹീറോ പരാമർശം. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാൻ തയ്യാറാണ്.

നടപടിക്രമങ്ങൾ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുക. രണ്ട് ദിവസം മുമ്പ് വിജയ്ക്ക് വൻ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു.