മുംബൈ: പ്രശസ്ത സിനിമാ താരം സുരേഖ സിക്രി (76)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുരേഖ സിക്രി. നിരവധി സിനിമ, നാടകം, ടെലിവിഷൻ പരമ്പരകൾ എന്നിവയിൽ സുരേഖ അഭിനയിച്ചിട്ടുണ്ട്.
1978ലെ രാഷ്ട്രീയ നാടക സിനിമയായ കിസ്സ കുർസി കായിലൂടെ അരങ്ങേറ്റം കുറച്ച അവർ വിവിധ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടി.
തമാസ് (1988), മമ്മോ (1995), ബദായ് ഹോ (2018) എന്നീ ചിത്രങ്ങൾക്കാണ് മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്. സുമാ ജോസൻ സംവിധാനം ചെയ്ത ‘ജന്മദിനം’ എന്ന സിനിമയിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
ഉത്തർ പ്രദേശ് സ്വദേശിയായ സുരേഖ സിക്രിയുടെ അച്ഛൻ വ്യോമസേനയിലും അമ്മ അദ്ധ്യാപികയുമായിരുന്നു. ഹേമന്ത് റീജാണ് ഭർത്താവ്. രാഹുൽ സിക്രി മകനാണ്.