തിരുവനന്തപുരം: കേരള സാങ്കേതിക സർവ്വകലാശാലയുടെ ബിടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഓഫ് ലൈൻ ആയി നടക്കവേ പരീക്ഷയെഴുതാൻ വന്ന വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു. കോട്ടയം അമൽജ്യോതി കോളേജിലും മലപ്പുറം കുറ്റിപ്പുറം എം ഇ എസ് കോളേജിലെയും വിദ്യാർത്ഥികൾക്ക് ആണ് കൊറോണ സ്ഥിരീകരിച്ചത്.
അമൽജ്യോതി കോളേജിലെ പോസിറ്റീവ് ആയ വിദ്യാർഥികളെ വീടുകളിലേക്ക് തിരികെ അയച്ചു. പ്രാഥമിക സമ്പർക്കം ഉള്ളവരെ കോളേജ് ഹോസ്റ്റലിലെ ഐസൊലേഷൻ സെന്ററിൽ നിരീക്ഷണത്തിൽ ഏർപ്പെടുത്തി.
എ ഐ സി ടി ഇ യുടെ ഓൺലൈനായി പരീക്ഷ നടത്തണമെന്ന നിർദേശങ്ങൾ തള്ളിക്കൊണ്ടാണ് കേരള സാങ്കേതിക സർവ്വകലാശാല ഓഫ്‌ലൈൻ പരീക്ഷകൾ നടത്തുന്നത്. കൂടാതെ ബി.ടെക് ആറാം സെമസ്റ്റർ പരീക്ഷകൾ കൊറോണ മൂന്നാം തരംഗം വരുമെന്ന് പ്രവചിച്ചിരിക്കുന്ന ആഗസ്റ്റ് മാസം ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതും വിദ്യാർഥികളുടെ ഇടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പാഠഭാഗങ്ങൾ പൂർത്തിയക്കാതെയും ആവശ്യത്തിന് പഠന ഇടവേള നല്കാതെയും എത്രയും പെട്ടെന്ന് പരീക്ഷ നടത്താനുള്ള പിടിവാശിയിലാണ് സർവ്വകലാശാല എന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.