ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വിമര്‍ശനവും, ട്രോളും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് എത്തിയ പന്ത് ശ്രദ്ധക്കുറവ് മൂലം കൊറോണ ക്ഷണിച്ച് വരുത്തുകായായിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസവും വിമര്‍ശനവും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള ഇടവേളയില്‍ ഋഷഭ് പന്ത് ഉള്‍പ്പെടയുള്ള ഇന്ത്യന്‍ താരങ്ങള്‍ യൂറോകപ്പും വിംമ്പിള്‍ഡന്‍ മത്സരങ്ങളും കാണാന്‍ പോയിരുന്നു. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധ പുലര്‍ത്താതെയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. മത്സരങ്ങള്‍ കാണാന്‍ പോയ താരങ്ങള്‍ ഗാലറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
കൊറോണ ഭീഷണി നിലനില്‍ക്കുമ്പോഴും മാസ്‌ക്ക് ഉപയോഗിക്കാതെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തതിനെയാണ് ആരാധകര്‍ പരിഹസിക്കുന്നത്. യൂറോകപ്പ് വീട്ടിലേക്ക് എന്ന വാചകം പരിഷ്‌ക്കരിച്ച് കൊറോണ പോസിറ്റീവ് ആയ പന്ത് വീട്ടീലേക്ക് എന്ന തരത്തിലുള്ള ട്രോളുകളാണ് ഏറെയും.
ഇംഗ്ലണ്ട് പര്യടനത്തിന് എത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നെങ്കിലും ഇത് ആരോക്കെയാണെന്ന് ബിസിസിഐ പുറത്തുവിട്ടിരുന്നില്ല. ഇതിലൊരാള്‍ ഋഷഭ് പന്താണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് താരത്തിനെതിരെ ട്രോളുകള്‍ പ്രചരിക്കുന്നത്.
ഇന്ത്യന്‍ ടീം വ്യാഴാഴ്ച ഡെര്‍ബനിലേക്ക് തിരിക്കാനിരിക്കെയാണ് ടീമംഗങ്ങള്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നത്. കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ കരുതല്‍ വേണമെന്ന് ബിസിസിഐ മേധാവി ജയ് ഷാ യുകെയിലെ ഇന്ത്യന്‍ സംഘത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചതാണ് കൊറോണ പോസിറ്റീവാകാന്‍ കാരണമെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കൊറോണ പോസീറ്റീവായ പന്ത് ക്വാറന്റൈനിലും അടുത്ത സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ വൃദ്ധിമാന്‍ സാഹ ഐസൊലേഷനിലുമാണെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ ബിസിസിഐയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ഋഷഭ് പന്തിന് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പരമ്പരയാണെങ്കിലും രോഗസൗഖ്യം നേര്‍ന്ന് ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക. മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.