അജ്മാന്: സ്കൂൾ വാഹനത്തിൽ ഇരുന്ന് ഉറങ്ങിപ്പോയ മൂന്നര വയസ്സുകാരന്‍ ശ്വാസംമുട്ടി മരിച്ചു. രാവിലെ സ്കൂളിലെത്തിയ വാഹനത്തില്‍ അറബ് സ്വദേശിയായ കുട്ടി ഉറങ്ങിപ്പോയതറിയാതെ അധികൃതര്‍ വാഹനം അടച്ചുപോവുകയായിരുന്നു. ഉച്ചഭക്ഷണ സമയത്താണ് കുട്ടിയെ കാണാനില്ലെന്ന വിവരം അധികൃതരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി വാഹനത്തിലുള്ളത് അറിയുന്നത്.
നാലു മണിക്കൂറോളം വാഹനത്തിലകപ്പെട്ട കുട്ടി ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഉടന്‍ കുട്ടിയെ അജ്മാന് ആമിന ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രാഥമിക അന്വേഷണത്തില്‍ ബസിന്റെ സൂപ്പര്‍വൈസറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ടാലന്‍റ് ഡെവലപ്‌മെന്‍റ് സെന്‍ററിന്റേതാണ് അത്യാഹിതം സംഭവിച്ച ഈ വാഹനം. സ്ഥാപനത്തിന്റെ വാണിജ്യ ലൈസന്‍സ് ഒരു വര്‍ഷം മുമ്പ് കാലഹരണപ്പെട്ടതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കുട്ടികളെ ഒറ്റക്ക് വാഹനത്തിലാക്കി പോകുന്നത് യു.എ.ഇ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. കുട്ടികളുടെ അവകാശ സംരക്ഷണ നിയമപ്രകാരമായിരിക്കും പ്രതിക്കെതിരെ ശിക്ഷ നടപ്പാക്കുക. ഒരു കുട്ടിയുടെ മരണത്തിനോ അപകടത്തിനോ കാരണക്കാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും 10 വര്‍ഷം തടവുമാണ് യു.എ.ഇ നിയമം അനുശാസിക്കുന്നത്.
കഠിന ചൂട് സമയങ്ങളില്‍ ഇത്തരത്തില്‍ വാഹനത്തില്‍ അകപ്പെട്ടുപോകുന്നപക്ഷം വാഹനത്തിലെ താപനില വര്‍ധിക്കുകയും 10 മിനിറ്റില്‍ മരണത്തിലേക്ക് നയിക്കപ്പെട്ടേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.