കോൺഗ്രസിനെ അടിമുടി നവീകരിക്കാൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക്; പാർട്ടി നിർണ്ണായക സ്ഥാനം വാഗ്ദാനം ചെയ്തെന്ന് സൂചന

ന്യൂഡെൽഹി: പാർട്ടിയെ അടിമുടി നവീകരിക്കാൻ പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് സൂചന. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നിർണ്ണായക സ്ഥാനം പ്രശാന്ത് കിഷോറിന്‌ കോൺഗ്രസ്‌ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. ഗാന്ധി കുടുംബവുമായി പ്രശാന്ത് കിഷോർ ഇന്നലെ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

പഞ്ചാബിൽ അമരീന്ദർ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇടപെട്ടുവെന്നതിന്റെ സൂചനയായാണ് ഗാന്ധി കുടംബവുമായുള്ള പ്രശാന്ത് കിഷോറിൻ്റെ കൂടിക്കാഴ്ചയെ വിലയിരുത്തിയിരുന്നത്. രാഹുൽഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുത്ത സോണിയ ഗാന്ധി പ്രശാന്ത് കിഷോറിൻ്റെ മുന്നിൽ നിർണ്ണായകമായ ഓഫർ വച്ചുവെന്നാണ് റിപ്പോർട്ട്.

രാഹുലും പ്രിയങ്കയും സോണിയഗാന്ധിയും പ്രശാന്ത് കിഷോറുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘടനരംഗത്ത് വലിയ അഴിച്ചുപണി നടക്കുന്നതിന് മുന്നോടിയായണ് വലിയ പദവി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഘടനാ ജനറൽസെക്രട്ടറി സ്ഥാനത്തടക്കം അഴിച്ചുപണി നടന്നേക്കുമെന്ന സൂചനകൾക്കിടെ പാർട്ടിയെ രക്ഷിക്കാൻ പ്രശാന്ത് കിഷോറിൻ്റെ തന്ത്രങ്ങൾ ഗുണം ചെയ്തേക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിനോട് പ്രശാന്ത് കിഷോർ പ്രതികരിച്ചതായി വിവരമില്ല. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി അധികനാൾ തുടരാൻ താൽപര്യമില്ലെന്ന് നേരത്തെ പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശും പഞ്ചാബുമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രശാന്ത് കിഷോറിൻ്റെ വിദഗ്ധ ഉപദേശം പാർട്ടി തേടിയതായി വിവരമുണ്ട്. അതേ സമയം തെരഞ്ഞെടുപ്പുകൾക്ക് മുൻപ് പാർട്ടിയിൽ അടിമുടി അഴിച്ചുപണി വേണമെന്ന നിർദ്ദേശം പ്രശാന്ത് കിഷോർ മുൻപോട്ട് വച്ചെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് അനിശ്ചിത്വം തുടരുന്നത് ശരിയല്ലെന്നും സംഘടനസംവിധാനം ദുർബലമായ സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വം വരണമെന്നും പ്രശാന്ത് കിഷോർ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.