കന്‍വര്‍ യാത്രയ്ക്ക് അനുമതി; ഉത്തർപ്രദേശ് സര്‍ക്കാരിന്റെ നടപടിയെ ചോദ്യംചെയ്ത് സുപ്രീംകോടതി

ലഖ്നൗ: രാജ്യത്ത് കൊറോണ വൈറസ് ഭീഷണി ഇനിയും മാറാത്ത സാഹചര്യത്തില്‍ കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ ഉത്തർപ്രദേശ് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. വിഷയം സ്വമേധയ ഏറ്റെടുത്ത കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. വരുന്ന ആഴ്ച നടക്കുന്ന കന്‍വര്‍ യാത്രയ്ക്ക് രാജ്യത്തെ പ്രത്യേക സാഹചര്യത്തിലും അനുമതി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

വെള്ളിയാഴ്ച കേസില്‍ കോടതി വാദം കേള്‍ക്കും. രാജ്യത്ത് കൊറോണ മൂന്നാം തരംഗവും ഉടനുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കന്‍വര്‍ യാത്രയ്ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുവാദം നല്‍കിയത്. കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജൂലൈയ് 25 മുതല്‍ കന്‍വര്‍ യാത്ര അനുവദിക്കുമെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളിലെ ഗംഗാ തീരത്തേക്ക് എത്തുന്ന ഭക്തർ നദിയില്‍ ഇറങ്ങി രണ്ട് പാത്രങ്ങളില്‍ വെള്ളം ശേഖരിക്കും. ഇത് കന്‍വര്‍ എന്ന് വിളിക്കുന്ന ഒരു മുളന്തണ്ടില്‍ തുലാസ് പോലെ തുണികൊണ്ട് തൂക്കുന്നു. തുടര്‍ന്ന് കാല്‍നടയായി തിരികെ നാടുകളിലേക്ക എത്തി അതത് പ്രദേശങ്ങളിലെ ശിവക്ഷേത്രങ്ങളില്‍ അഭിഷേകം നടത്തുന്ന ചടങ്ങാണ് കന്‍വര്‍ യാത്ര എന്നറിയപ്പെടുന്നത്.

2019ല്‍ മാത്രം മൂന്ന് കോടി ജനങ്ങളാണ് കന്‍വാര്‍ യാത്രയില്‍ പങ്കെടുത്തത്. 2020ല്‍ യാത്ര റദ്ദാക്കി. ഡെല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം വിശ്വാസികളും യാത്രയില്‍ പങ്കെടുക്കാനെത്തുന്നത്. കൊറോണ നിയന്ത്രണവിധേയമല്ലാത്ത സമയത്ത് ഇത്തരത്തില്‍ വിപുലമായ ഒരു യാത്രയ്ക്ക് അനുമതി നല്‍കുന്നത് ശരിയാകില്ലെന്നതാണ് വിദഗ്ധരുടെ ഉപദേശം.

അതേസമയം, കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹരിദ്വാറില്‍ നടത്തിയ കുംഭമേളയ്ക്ക് പിന്നാലെ രാജ്യത്തെ കൊറോണ വൈറസ് ബാധ ഉയര്‍ന്ന തോതില്‍ എത്തിയിരുന്നു. ഈ ആശങ്ക ചുണ്ടിക്കാട്ടി നിരവധിപേര്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കൊറോണ മൂന്നാംതരംഗം ആസന്നമാണെന്ന് ഇന്ത്യയിലെ ഡോക്ടര്‍മാരുടെ സംഘടനയായ ഐ എം എ മുന്നറിയിപ്പ് നല്‍കിയത് കഴിഞ്ഞ ദിവസമാണ്. വിനോദസഞ്ചാരവും വിശ്വാസികളുടെ സംഗമങ്ങളും ഒഴിവാക്കണമെന്നാണ് ഐ എം എയുടെ നിര്‍ദ്ദേശിക്കുന്നത്. ഒഡീഷയിലെ പുരിയില്‍ നടക്കുന്ന വാര്‍ഷിക രഥയാത്ര, കന്‍വാര്‍ യാത്ര എന്നിവയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഐ എം എയുടെ മുന്നറിയിപ്പ്.