സംസ്ഥാനത്ത് നാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ; 23 രോഗബാധിതർ

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കരിക്കകം സ്വദേശിയായ പെണ്‍കുട്ടിക്ക് (16) സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രാജീവ് ഗാന്ധി ബയോടെക്‌നോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് സിക്ക വൈറസ് ബാധ സ്ഥിരീകിച്ചവരുടെ എണ്ണം നാലായി.

പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കും സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ 23 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണ് മെഡിക്കല്‍ കോളേജില്‍ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്.

അതില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ബാക്കി 13 പേരുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു.
ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്.

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക്ക വൈറസിനെതിരെ പ്രത്യേക കരുതല്‍ എടുക്കേണ്ടതാണ്. ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജന്മനായുള്ള വൈകല്യം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാ മാര്‍ഗം.

ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക്ക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്.