ന്യൂയോര്‍ക്ക്: വെര്‍ജിന്‍ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്ര വിജയം. വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിനില്‍ ബഹിരാകാശത്തേക്ക് പുറപ്പെട്ട ഇന്ത്യൻ വംശജയടക്കം ആറംഗ സംഘം യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തി. ഒരു മണിക്കൂറോളം നീണ്ട് നില്‍ക്കുന്നതായിരുന്നു യാത്ര. ഇന്ത്യന്‍ വംശജയായ സിരിഷ ബാന്‍ഡ്‌ലയാണ് വെര്‍ജിന്‍ ഗലാക്റ്റിക്കിലെ യാത്ര സംഘത്തിലുണ്ടായിരുന്നത്.
ബഹിരാകാശ യാത്രപൂര്‍ത്തിയാക്കിയതോടെ കല്പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശ യാത്ര നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി സിരിഷ ബാന്‍ഡ്‌ല. സിരിഷ ബാന്‍ഡ്‌ല ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ്. സിരിഷ ഉള്‍പ്പെടുന്ന സംഘം യുഎസിനെ ന്യൂമെക്‌സിക്കോ സ്‌പേസ്‌പേര്‍ട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ചരിത്ര യാത്ര ആരംഭിച്ചത്.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി 8.10നാണ് യാത്ര ആരംഭിച്ചത്. 6.30നാണ് യാത്ര ആരംഭിക്കേണ്ടിയിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം യാത്രാ സമയം മാറ്റുകയായിരുന്നു. രണ്ട് പൈലറ്റുമാരും നാല് യാത്രക്കാരും ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് യാത്ര തിരിച്ചത്. 53 മൈല്‍ ഉയരത്തില്‍ എത്തിയ സംഘം 9 മണിയോടെയാണ് ബഹിരാകാശത്ത് എത്തിയത്.
മിനിറ്റുകളോളം പറന്ന ശേഷം സ്‌പേസ്‌പോര്‍ട്ടിലെ റണ്‍വേയില്‍ 9.12ന് തൊട്ടു. 11 മിനിറ്റ് കാഴ്ചകള്‍ കണ്ട് മടങ്ങി. ഭൂമിയുടെ ഗോളാകൃതി കാണാന്‍ കഴിഞ്ഞതായും ബഹിരാകാശത്തെ ഭാരമില്ലായ്മ നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞതായും സംഘം അറിയിച്ചു.
ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ സ്വപ്ന പദ്ധതിയായിരുന്നു വെര്‍ജിന്‍ ഗലാക്റ്റിക്ക് ബഹിരാകാശ യാത്ര. ആദ്യ ബഹിരാകാശ ടൂറിന് തയ്യാറെടുത്ത റിച്ചാര്‍ഡ് ബ്രാന്‍സണ്‍ യാത്ര നടത്താന്‍ തീരുമാനിച്ചതോടെ ഇദ്ദേഹത്തിന്റെ കമ്പിനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയായ സിരിഷയ്ക്കും ഇതിനുള്ള അവസരം കൈവരികയായിരുന്നു.
ഡേവ് മക്കെ, മൈക്കല്‍ മാസൂച്ചി, ബെഥ് മോസസ്, കോളിന്‍ ബെനറ്റ് എന്നിവരായിരുന്നു ബഹിരാകാശ പേടകത്തിലെ മറ്റ് യാത്രക്കാര്‍. ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് വിഎസ്എസ് യൂണിറ്റി പേടകത്തില്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ അടക്കമുള്ളവര്‍ യാത്ര തിരിച്ചത്.