ശൂന്യാകാശത്തെ ഭാരമില്ലായ്മ നേരിട്ടറിഞ്ഞു ; 11 മിനിറ്റ് നീണ്ട ബഹിരാകാശ കാഴ്ച്ചകൾ ; അവിസ്മരണീയ നിമിഷങ്ങൾ പങ്കുവെച്ച് ഇന്ത്യൻ വംശജ ശിരിഷ

വാഷിംഗ്ടൺ: നാല് മിനിറ്റോളം ശൂന്യാകാശത്തെ ഭാരമില്ലായ്മ നേരിട്ടനുഭവിച്ചറിഞ്ഞെന്ന് ഇന്ത്യൻ വംശജ ശിരിഷ ബാദ്‌ല. ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസണിന്റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ വിനോദ സഞ്ചാര യാത്രയിലെ അവിസ്മരണീയ നിമിഷങ്ങൾ ശിരിഷ ബാദ്‌ല പങ്കുവെച്ചു. തന്റെ യാത്ര അവിശ്വസനീയമെന്നല്ലാതെ മറ്റ് പേരുകൾ പറഞ്ഞ് വിശേഷിപ്പിക്കാനാവില്ലെന്നും 34 കാരിയായ എയ്‌റോനോട്ടിക്കൽ എഞ്ചിനീയർ കൂടിയായ ശിരിഷ കൂട്ടിച്ചേർത്തു.

ബഹിരാകാശത്ത് നിന്നുള്ള ഭൂമിക്കാഴ്ച ജീവിതം മാറ്റി മറിക്കുന്നതാണ്. ബഹിരാകാശത്തേയ്ക്കും തിരിച്ച് ഭൂമിയിലേക്കുമുള്ള യാത്ര വിസ്മയകരമായിരുന്നുവെന്നും മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വപ്‌നം യാഥാർത്ഥ്യമായ നിമിഷമായിരുന്നു അത്. ഇനിയും ഒരുപാട് പേർ തനിക്കുണ്ടായ അവിസ്മരണീയമായ അനുഭവത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നുവെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ശിരിഷ കൂട്ടിച്ചേർത്തു.

കാഴ്ച ശക്തി കുറവായതിനാൽ നാസയുടെ ബഹിരാകാശ യാത്രികയോ പൈലറ്റോ ആകാൻ ശിരിഷയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അമേരിക്കയിൽ പേടക നിർമ്മാതാക്കളായ വിർജിൻ ഗലാക്ടിക്കിലൂടെ ആ സ്വപ്‌നം ശിരിഷ സാക്ഷാത്കരിക്കുകയായിരുന്നു. ദൗത്യം വിജയകരമായതോടെ ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായി ശിരിഷ.11 മിനിറ്റ് ബഹിരാകാശ കാഴ്ച്ചകളും കണ്ടാണ് സംഘം മടങ്ങിയത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് ശിരിഷ ജനിച്ചത്. വളർന്നതും പഠിച്ചതുമെല്ലാം ടെക്‌സാസിലെ ഹൂസ്റ്റണിലാണ്. ഇപ്പോൾ വിർജിൻ ഗലാക്ടിക്കിൽ വൈസ് പ്രസിഡന്റാണ്. 71കാരനായ ബ്രാൻസണും ശിരിഷക്കും പുറമേ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെന്നറ്റ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

യുഎസിലെ ന്യൂ മെക്‌സിക്കോയിലെ സ്‌പേസ്‌പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ‘യൂണിറ്റി22’ ദൗത്യസംഘം യാത്ര തുടങ്ങിയത്. ബഹിരാകാശ വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ചരിത്രം കുറിച്ചാണ് റിച്ചാർഡ് ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് എത്തിയത്.