മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെ പഞ്ചസാര ലായനി ഒഴിച്ച്‌​ കൊന്ന കേസില്‍ ഭാര്യക്ക്​ ജീവപര്യന്തം തടവ്​ ശിക്ഷ

ലിവര്‍പൂള്‍: രണ്ട്​ മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭര്‍ത്താവിനെ പഞ്ചസാര ലായനി ഒഴിച്ച്‌​ കൊന്ന കേസില്‍ ഭാര്യക്ക്​ ജീവപര്യന്തം തടവ്​ ശിക്ഷ വിധിച്ചു. ലിവര്‍പൂളിനടുത്തുള്ള നെസ്റ്റണിലെ മൈക്കല്‍ ബെയ്‌നി(80)നെ കൊലപ്പെടുത്തിയ കേസില്‍ കോറിന സ്മിത്തി(59)നെയാണ്​ ബ്രിട്ടീഷ്​ കോടതി ശിക്ഷിച്ചത്​.

കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്​പദമായ സംഭവം. മൈക്കല്‍ ഉറങ്ങിക്കിടക്കവെ കോറിന തിളച്ച പഞ്ചസാര ലായനി ദേഹത്ത്​ ഒഴിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിന്‍റെ മൂന്നിലൊന്ന് ഭാഗം ഗുരുതരമായി പൊള്ളലേറ്റു. തൊലിമാറ്റിവെക്കല്‍ ശസ്​ത്രക്രിയക്ക്​ ഉള്‍പ്പെടെ വിധേയനായ മൈക്കല്‍ അഞ്ച്​ ആഴ്ച ആശുപത്രിയില്‍ കിടന്നാണ്​ മരണപ്പെട്ടത്​.

ചെറിയ കുട്ടികളായിരിക്കെ തങ്ങളുടെ രണ്ട് മക്കളെയും മൈക്കല്‍ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പ്രതികാരമായാണ്​ കൊലപാതകമെന്ന്​ ​കോറിന മൊഴി നല്‍കിയിരുന്നു. കുട്ടിക്കാലത്ത്​ വര്‍ഷങ്ങളോളം അച്ഛന്‍ തന്നെയും സഹോദരനെയും പീഡിപ്പിച്ചതായി മകളും വെളിപ്പെടുത്തി. തുടര്‍ന്ന്​, സഹോദരന്‍ ക്രെയ്ഗ് 2007ല്‍ ആത്മഹത്യ ചെയ്തിരുന്നു.