ന്യൂഡെല്‍ഹി: എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് ആയുഷ് ചികിത്സാ പരിശീലനം നല്‍കണമെന്ന നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. മിക്‌സോപതി സൃഷ്ടിക്കരുതെന്നാണ് വിഷയത്തില്‍ ഐഎംഎ പ്രതികരിച്ചത്.
വൈദ്യശാസ്ത്ര മേഖലയെ കൂട്ടിക്കുഴയ്ക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നും ഐഎംഎ വ്യക്തമാക്കി. എംബിബിഎസ് വിദ്യാര്‍ഥികള്‍ പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ രീതികളില്‍ പരിശീലനം നേടണമെന്നാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശം. ഒഴാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനമായിരിക്കും എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുക.
ഇത് സംബന്ധിച്ച നിയമത്തിന്റെ കരട് മെഡിക്കല്‍ കമ്മീഷന്‍ പുറത്തിറക്കി. വിദ്യാര്‍ഥികള്‍ എംബിബിഎസ് എവിടെയാണോ പഠിച്ചത് അതേ സ്ഥാപനത്തില്‍ തന്നെ പരിശീലനം നേടണമെന്നാണ് പറയുന്നത്. വിഷയത്തില്‍ ഐഎംഎ അത്യധികം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
എംബിബിഎസ് ബിരുദം നേടി 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ട 17 പോസ്റ്റിങ്ങുകളില്‍ 14 എണ്ണം നിര്‍ബന്ധമായും ചെയ്യേണ്ടതും മൂന്നെണ്ണം ഇലക്ടീവുമാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിസിന്‍, ഇന്ത്യന്‍ മെഡിസിന്‍ എന്നിവയാണ് ഇലക്ടീവുകള്‍. ആയുഷിന്റെ കാര്യത്തില്‍ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ തുടങ്ങിയ ചികിത്സാ രീതികളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്.