പെട്ടിമുടി ദുരന്തത്തിന് ഓഗസ്റ്റ് ആറിന് ഒരു വയസ്; കാണാതായ നാലുപേരുടെ മരണ സർട്ടിഫിക്കറ്റ് നൽകാതെ വട്ടംകറക്കി സർക്കാർ ചുവപ്പുനാട

മൂന്നാർ: ഭീകര ദുരന്തത്തിന് ഇരയായവരോട് കരുണയില്ലാതെ ധാർഷ്ട്യം കാട്ടി സർക്കാർ മാമൻമാർ. പെട്ടിമുടി ദുരന്തത്തിന് ഓഗസ്റ്റ് ആറിന് ഒരുവർഷം തികയുമ്പോഴും അതിൽ കാണാതായ നാലുപേരുടെ മരണ സർട്ടിഫിക്കറ്റ് നൽകാതെ വട്ടംകറക്കുകയാണ് അധികൃതർ. മരണ സർട്ടിഫിക്കറ്റ് ചുവപ്പുനാടയിൽ കുരുങ്ങിയതോടെ സർക്കാർ പ്രഖ്യാപിച്ച ധനസഹായംപോലും ഇവരുടെ ബന്ധുക്കൾക്ക് ലഭിച്ചില്ല.

എം ജി കോളനി സ്വദേശിയായ ഷൺമുഖനാഥന്റെ മകൻ ദിനേശ് കുമാർ (22), പെട്ടിമുടി സ്വദേശിനിയായ കസ്തൂരി (30), മകൾ പ്രിയദർശിനി (6), ജി കാർത്തിക (21) എന്നിവരെയാണ് ഇതുവരെ കണ്ടെത്താത്തത്. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാണാതായ നാലുപേരും മരിച്ചതായി കണക്കാക്കുമെന്നും ഇവരുടെ ബന്ധുക്കൾക്കും ധനസഹായം ലഭ്യമാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു. സർക്കാർ പ്രഖ്യാപനം ഓഫീസുകളിലെ പ്രാദേശിക മേലാളൻമാർക്ക് ദഹിച്ചിട്ടില്ല. ബന്ധുക്കൾ മരണ സർട്ടിഫിക്കറ്റിനായി ഓഫീസുകൾ കയറിയിറങ്ങുകയാണ്.

സർക്കാർ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഓരോ ഓഫീസിലും നിന്ന് പറയുന്നതെന്ന് ദുരന്തത്തിൽ രണ്ടുമക്കളെയും നഷ്ടപ്പെട്ട ഷൺമുഖനാഥൻ അറിയിച്ചു. മരണ സർട്ടിഫിക്കറ്റ് 90 ദിവസത്തിനകം ഹാജരാക്കാത്തതിനാൽ ഇൻഷുറൻസ് തുകപോലും കിട്ടിയില്ല. മകന്റെ പേരിൽ ബാങ്കിലുള്ള പണം പിൻവലിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഷൺമുഖനാഥൻ പറഞ്ഞു. ദുരന്തത്തിൽ ഷൺമുഖനാഥന്റെ ഇളയ മകൻ നിതീഷ് കുമാറും(19) മരിച്ചിരുന്നു.

2020 ഓഗസ്റ്റ് ആറിന് രാത്രിയിൽ പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ തൊഴിലാളി ലയങ്ങൾ തകർന്ന് 66 പേരാണ് മരിച്ചത്. നാലുപേരെ കാണാതാവുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇനി നൽകാനുള്ളത് 17 പേർക്കാണ്. കാണാതായ നാലുപേർ ഉൾപ്പെടെയാണിത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഇവരുടെ മരണസർട്ടിഫിക്കറ്റ് ലഭിക്കാത്തതും ബാക്കിയുള്ളവരുടെ അനന്തരാവകാശികൾ സംബന്ധിച്ച തർക്കവുമാണ് ധനസഹായം വിതരണം ചെയ്യാൻ തടസ്സമായത്.

മരിച്ചവരുടെ ബന്ധുക്കൾക്ക് കേന്ദ്രസർക്കാർ രണ്ടുലക്ഷവും തമിഴ്നാട് സർക്കാർ മൂന്നുലക്ഷവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ഒരാൾക്കുപോലും ലഭിച്ചില്ല. തമിഴ്നാട്ടിൽ റേഷൻ കാർഡും തിരിച്ചറിയൽ രേഖയുമുള്ള നാലുപേർക്ക് മാത്രമാണ് അവിടത്തെ സർക്കാരിന്റെ സഹായം ലഭിച്ചതെന്നും അല്ലാത്തവരെ ഒഴിവാക്കിയെന്നും മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു.