മാരക്കാന: മാരക്കാനയില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 16 വര്‍ഷം കിരീടത്തിനായി കാത്ത് പന്ത് തട്ടിയെ മെസിയെ ആകാശത്തേക്ക് എടുത്തുയര്‍ത്തി അര്‍ജന്റീനിയന്‍ താരങ്ങള്‍. മെസി ശ്രമിച്ചിട്ടും സഹതാരങ്ങള്‍ കലമിട്ടുടയ്ക്കുന്നു എന്ന് കേട്ടുപോന്ന പഴികള്‍ക്ക് അവരും പ്രായശ്ചിത്തം ചെയ്തപ്പോള്‍ മാരക്കാനയില്‍ അര്‍ജന്റീനയുടെ ആരവം.
1937ന് ശേഷം ആദ്യമായാണ് ബ്രസീലിനെ അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ മുട്ടുകുത്തിക്കുന്നത്. ജയത്തോടെ ഏറ്റവും കൂടുതല്‍ കോപ്പ അമേരിക്ക കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ ഉറുഗ്വേയ്ക്ക് ഒപ്പമെത്തി അര്‍ജന്റീന, 15 കിരീടങ്ങള്‍.
കിരീടത്തിലേക്ക് അര്‍ജന്റീന പന്ത് തട്ടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഉടനീളം ഒരു മത്സരത്തില്‍ പോലും വിശ്രമമില്ലാതെ നിറഞ്ഞത് മെസി. നാല് ഗോളും അഞ്ച് അസിസ്റ്റുമായി ഒടുവില്‍ കിരീടത്തിലും മുത്തമിടുമ്പോള്‍ മറ്റൊരു ബാലന്‍ ഡി ഓറും മിശിഹയ്ക്ക് മുന്‍പില്‍ തെളിഞ്ഞ് വരുന്നു.
ഫൈനലില്‍ ഗോള്‍ വല കുലുക്കാന്‍ സാധിക്കാതെ പോകുന്ന തിരിച്ചടി കോപ്പ 2021 ഫൈനലിലും മെസിയെ വേട്ടയാടി. കഴിഞ്ഞ ദശകത്തില്‍ മൂന്ന് വട്ടമാണ് മെസിക്ക് അര്‍ജന്റീനിയന്‍ കുപ്പായത്തിലെ ഫൈനലില്‍ കാലിടറിയത്. രണ്ട് തവണ കോപ്പയിലും 2014 ലോകകപ്പിലും.
2007ല്‍ കോപ്പ അമേരിക്ക ഫൈനല്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രസീലിനോട് തോറ്റു. 2014 ലോകകപ്പ ഫൈനലില്‍ ജര്‍മനിയോട് 1-0ന് കീഴടങ്ങി. 2015 കോപ്പ അമേരിക്കയില്‍ ഷൂട്ടൗട്ടില്‍ 4-1ന് ചിലിക്ക് മുന്‍പില്‍ വീണു. 2016ലെ കോപ്പയില്‍ ചിലിയോട് ഷൂട്ടൗട്ടില്‍ വീണത് 2-4ന്. ഈ നാല് ഫൈനലിലും മെസി ഒരു ഗോള്‍ പോലും നേടിയിട്ടില്ല.
87ാം മിനിറ്റില്‍ മെസിയുടെ ഗോളോടെ അര്‍ജന്റീന കോപ്പ വിജയം കൂടുതല്‍ മധുരമാക്കുമെന്ന് തോന്നിച്ചു. പന്തുമായി മെസി ബോക്‌സിനുള്ളിലേക്ക് കുതിച്ചപ്പോള്‍ മുന്‍പില്‍ ഗോള്‍കീപ്പര്‍ മാത്രം. എങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചു. എന്നാല്‍ ക്ലബ് ഫുട്‌ബോളിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. 17 ഫൈനല്‍ കളിച്ചപ്പോള്‍ തോറ്റത് 3 തവണ മാത്രം. അതില്‍ 13 കളിയിലും ഗോള്‍ കണ്ടെത്തിയിരുന്നു.