തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് സംശയത്തെ തുടര്‍ന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം
നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവയുടെ ഫലവും ലഭ്യമാകാനുണ്ട്. തിരുവനന്തപുരത്ത് ഇതുവരെ 14 സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സിക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച വിദഗ്ധ സംഘം ഇന്നെത്തും. തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര സംഘം ജില്ലയുടെ വിവധ മേഖലകള്‍ സന്ദര്‍ശിക്കും.
ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര സംഘം കൂടിക്കാഴ്ച്ച നടത്തും. രോഗപ്രതിരോധം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഈ കൂടിക്കാഴ്ച്ചയില്‍ നല്‍കും.
അതേസമയം ജില്ലയിലെ ലാബുകളോട് സിക സംശയമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലിനിക്കുകള്‍ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
ഈഡിസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് സിക വൈറസിന് കാരണമാകുന്നത്. ഇത് ഗര്‍ഭിണികളെ ഗുരുതരമായി ബാധിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.