തൃശൂര്‍: മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ (74)അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സഹകരണ മേഖലയില്‍ 45 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ബാലന്‍ മാസ്റ്റര്‍ 30 വര്‍ഷത്തിലേറെ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. 6 വര്‍ഷം മില്‍മയുടെ എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു.
മില്‍മയുടെ സ്ഥാപക നേതാക്കളിലൊരാളായ പി എ ബാലന്‍ മാസ്റ്റര്‍ 1980 ല്‍ മില്‍മയുടെ രൂപീകരണത്തിന് മുന്‍പ് തന്നെ ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിനായി രൂപീകരിച്ച സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റീസ് അസോസിയേഷന്‍ ഭാരവാഹി ആയി പ്രവര്‍ത്തിച്ചിരുന്നു. ഇന്ന് 3000 ല്‍ പരം ക്ഷീരസഹകരണ സംഘങ്ങളും 10 ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും 3000 കോടിയിലേറെ വിറ്റുവരവും ഉള്ള കേരളത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനമായി മില്‍മയെ വളര്‍ത്തുന്നതില്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച കര്‍ഷക നേതാവാണ് ബാലന്‍. അവിണിശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ആണ്.
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയ പി എ ബാലന്‍ , അഖില കേരള എഴുത്തച്ഛന്‍ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് സംസ്ഥാന സഹകരണ യൂണിയന്‍ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. 2013 ല്‍ ഇന്ത്യന്‍ ഇക്കണോമിക് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന്റെ ലീഡിങ് മില്‍ക്ക് എന്റര്‍പ്രണര്‍ പുരസ്കാരവും 2008 ലെ മികച്ച സഹകാരിക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
റിട്ടയേര്‍ഡ് കെ എസ് എഫ് ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാര്‍ക്ക് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും, ഐ ടി വ്യവസായിയുമായ രഞ്ജിത്ത് ബാലന്‍ മകനാണ്. രശ്മി ഷാജി മകള്‍. ഷാജി ബാലകൃഷ്ണന്‍ ( ദുബായ് ) മരുമകന്‍, മഞ്ജു രഞ്ജിത്ത് മരുമകള്‍ ( സിസ്റ്റം അനലിസ്റ്റ്, യൂ എസ് ടി ഗ്ലോബല്‍, ഇന്‍ഫോപാര്‍ക്ക്