പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധമുണ്ടെന്നും സൂചന. എന്നാൽ ഏത് ഉന്നതനായാലും കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞമാസം നാലിനാണ് തൃത്താല പീഡനക്കേസിലെ പ്രതി അഭിലാഷ് പെണ്‍കുട്ടിയെ പട്ടാമ്പിയിലെ ഹോട്ടലിലെത്തിച്ചത്.
നാലാംദിവസമാണ് തൃത്താല പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്നത്. ഇതിനിടയില്‍ നടന്ന ലഹരി പാര്‍ട്ടിയില്‍ ഒൻപത് പേര്‍ പങ്കെടുത്തെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. ഡിജെ മുസ്തഫ, മുനീര്‍, ശ്രീജിത്ത്, പ്രണോയ്, സുഹൈര്‍, അമീന്‍, അക്ബര്‍ സുല്‍ത്താന്‍ എന്നിവര്‍ ലഹരിപാര്‍ട്ടിക്കായി മുറിയില്‍ വന്നുപോയിരുന്നതായാണ് പെണ്‍കുട്ടിയുടെ പരാതി. ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന.
പൊലീസെത്തി അഭിലാഷിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തിട്ടും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. ഉന്നത ബന്ധങ്ങളുടെ പേരിലാണ് അന്വേഷണം മുന്നോട്ട് പോകാതിരുന്നതെന്നും വ്യക്തം. പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ അന്വേഷണമാരംഭിച്ചതോടെ ലഹരിപാര്‍ട്ടിയിൽ പങ്കെടുത്തവരെ പിടികൂടണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തി.
പട്ടാമ്പി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ലഹരി സംഘത്തെപ്പറ്റി പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതികളില്‍ ചിലര്‍ നിരീക്ഷണത്തിലുമുണ്ട്. തെളിവുകള്‍ ശേഖരിക്കുന്ന മുറയ്ക്ക് തുടര്‍ നടപടിയുണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
അതേസമയം കറുകപുത്തൂര്‍ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പെൺകുട്ടികളെ കൊണ്ട് ബിയര്‍ കുപ്പിക്കകത്ത് കഞ്ചാവ് നിറച്ച് വലിപ്പിക്കുകയും തുടർന്ന് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പെൺകുട്ടി പറയുന്നു. ലോഡ്ജുകളിൽ റൂമെടുത്ത് അവിടെ വെച്ചാണ് പെൺകുട്ടികൾക്ക് ലഹരി ഉപയോഗത്തിൽ പരിശീലനം നടത്തുന്നത്.
വലിയ സംഘം തന്നെയാണ് ഇതിന് പിന്നിലുള്ളത്. ഇവർ പെൺകുട്ടികളെ ഭീഷണിപ്പെടുത്തി വലയിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. വീട്ടിനുള്ളിൽ കാമറ വെച്ചിട്ടുണ്ടെന്നും നഗ്ന ദൃശ്യങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്നും പറഞ്ഞാണ് ഭീഷണിപ്പെടുത്തുക. തുടർന്ന് ലഹരി ഉപയോഗിക്കാൻ നിർബന്ധിക്കും. അതിന് വഴങ്ങിയില്ലെങ്കിൽ മാനസികമായി സമ്മർദ്ദം ഉണ്ടാക്കും. തുടർന്ന് പെൺകുട്ടികൾക്ക് ലഹരി മരുന്നുകൾ കൈമാറും.
കൈയിൽ ബ്ലയിഡ് കൊണ്ട് വരഞ്ഞ് മുറിവുണ്ടാക്കുകയും അതുവഴിയാണ് ലഹരി ശരീരത്തിലേക്ക് കയറ്റുന്നത്. തന്‍റെ കൂട്ടുകാരായ 18 വയസിൽ താഴെയുള്ള പെൺകുട്ടികൾ ഈ സംഘത്തിന് ഇരായണെന്നും പരാതി നൽകിയ പെൺകുട്ടി വെളിപ്പെടുത്തുന്നു. ലഹരി ഉപയോഗത്തിന് അടിമയായ പെൺകുട്ടികളെ പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്. കൂടുതൽ പെൺകുട്ടികൾ ഈ സംഘത്തിന്‍റെ വലയിലുണ്ടെന്നാണ് പെൺകുട്ടി വെളിപ്പെടുത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വയസ് മുതൽ കുട്ടിയെ ഇവർ മയക്കുമരുന്നിന് അടിയമയാക്കുകയായിരുന്നു. പ്രദേശത്തെ 25കാരൻ സ്വകാര്യ കമ്പ്യൂട്ടർ സെന്‍ററില്‍ വെച്ച് പെണ്‍കുട്ടിയോട് പ്രണയം നടിക്കുകയും പ്രായപൂര്‍ത്തിയാകുമ്പോൾ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു.
കഞ്ചാവ്, കൊക്കൈൻ തുടങ്ങിയ മാരക ലഹരികൾ പെണ്‍കുട്ടിക്ക് നൽകിയ ഇയാൾ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും നഗ്നചിത്രങ്ങള്‍ പകർത്തുകയും ചെയ്തു. ജൂൺ 10ന് പെണ്‍കുട്ടി മാനസിക വിഭ്രാന്തി കാണിച്ചതോടെ വീട്ടുകാർ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് പെൺകുട്ടിയുടെ മയക്കുമരുന്ന് ഉപയോഗം അടക്കം വീട്ടുകാര്‍ അറിയുന്നത്.
പല ദിവസങ്ങളിലും യുവാവ് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ വീട്ടില്‍നിന്നും വിളിച്ചുകൊണ്ടുപോയിരുന്നെന്നും യുവാവിന്‍റെ കൂടെ വേറെയും ആളുകൾ ഉണ്ടായിരുന്നതായും പരാതിയില്‍ പറയുന്നു. ജൂണ്‍ എട്ടിന് യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു. പ്രണയത്തിലാണന്നറിയിച്ചതോടെ ഇവരെ വിട്ടയച്ചു.
യുവാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. പ്രദേശത്തെ മറ്റു രണ്ടുപേരും ഇത്തരത്തില്‍ മയക്കുമരുന്ന് നല്‍കി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഇതോടെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നേരിട്ട് പരാതി നല്‍കിയതെന്ന് മാതാവ് പറയുന്നു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. പ്രതികളെ പിടികൂടാതെ അന്വേഷണം നീട്ടിക്കൊണ്ടു പോകുകയാണെന്ന് ആക്ഷേപം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്.