ഖത്തറില്‍ യാത്രാ നിയന്ത്രണങ്ങള്‍ക്കുള്ള ഇളവുകള്‍ തിങ്കളാഴ്ച മുതല്‍; ഇന്ത്യക്കാര്‍ക്കും നിബന്ധനകളോടെ പ്രവേശനം

ദോഹ: ഖത്തറിലേക്ക് എത്തുന്നവരുടെ യാത്രാ നിയന്ത്രണങ്ങളിലുള്ള ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഖത്തര്‍ ആരോഗ്യമന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇത് പ്രകാരം റെഡ് കാറ്റഗറിയില്‍ പെടുന്ന ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും നിബന്ധനകളോടെ രാജ്യത്ത് പ്രവേശിക്കാം.

റെഡ് കാറ്റഗറി രാജ്യത്ത് നിന്ന് വരുന്നവരാണെങ്കിലും പൂര്‍ണമായി വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതാണ് പ്രഖ്യാപനം. ജൂലൈ 12 മുതല്‍ ഫാമിലി വിസിറ്റ്, ടൂറിസ്റ്റ്, ബിസിനസ് വിസകളും അനുവദിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാന കമ്പനികള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ നല്‍കിയതായും ഖത്തര്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിന് പുറമെ വാക്സിന്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരെ അഞ്ച് വിഭാഗങ്ങളായി തിരിച്ചുമാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇന്ത്യ ഉള്‍പ്പെടെ 94 രാജ്യങ്ങളെയാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമെ, ഏഷ്യന്‍ രാജ്യങ്ങളായ പാകിസ്താന്‍, ബ്ംഗ്ലാദേശ്, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും ഈ വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 88 രാജ്യങ്ങള്‍ യെല്ലോ വിഭാഗത്തിലും 30 രാജ്യങ്ങള്‍ ഗ്രീന്‍ പട്ടികയിലും ഉള്‍പ്പെടുന്നു. ഗ്രീന്‍ പട്ടികയില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ്.

ഖത്തറില്‍ അംഗീകാരമുള്ള ഏതെങ്കിലുമൊരു വാക്സിന്‍ പൂര്‍ണമായി എടുത്തവര്‍ക്കും ഖത്തറില്‍ താമസിക്കവെ ഒന്‍പത് മാസത്തിനിടെ കൊറോണ വന്ന് ഭേദമായവര്‍ക്കും ക്വാറന്റൈന്‍ ആവശ്യമില്ല. ഇതു പ്രകാരം വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കും ക്വാറന്റൈന്‍ ഇളവ് ലഭിക്കും. അതേസമയം, ഖത്തറിന് പുറത്ത് ഏതെങ്കിലും ജിസിസി രാജ്യത്തു നിന്നാണ് കൊറോണ ഭേദമായി വന്നതെങ്കില്‍ അവര്‍ ഖത്തര്‍ അംഗീകരിച്ച ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും ക്വാറന്റൈന്‍ ഇളവ് ലഭ്യമാവും.

ഖത്തറില്‍ നിലവില്‍ വിതരണം ചെയ്യുന്ന വാക്സിനുകളായ ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്ക് പുറമേ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കും ഉപാധികളോടെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിട്ടുണ്ട്. സിനോഫാം, സിനോവാക് വാക്‌സിന്‍ എന്നിവയുടെ രണ്ട് ഡോസും എടുത്തവര്‍ ഖത്തറില്‍ എത്തിയാല്‍ അവര്‍ ആന്റിബോഡി പരിശോധനയ്ക്ക് വിധേയരാകരണം. ശരീരത്തില്‍ കൊറോണയെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തുന്നത് വഴി ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ അവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. നെഗറ്റീവ് ആണെങ്കില്‍ വരുന്ന രാജ്യത്തിന്റെ കാറ്റഗറി അനുസരിച്ചുള്ള ക്വാറന്റൈന്‍ വ്യവസ്ഥകള്‍ അവര്‍ക്ക് ബാധകമാണ്.