സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്ത്യക്കാ‍ർക്ക് നിയന്ത്രണം; 40 ശതമാനത്തിലധികം പാടില്ല

റിയാദ്: സ്വകാര്യമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അർഹതയുള്ള വിവിധ രാജ്യങ്ങളിലെ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി സൗദി അറേബ്യ. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ക്വിവ ഓൺലൈൻ പോർട്ടലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിന് പ്രത്യേക നിയന്ത്രണം ഏ‍‍ർപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നതെന്ന് സൗദി ​ഗസറ്റ് റിപ്പോ‍ർട്ട് ചെയ്തു.

നിയന്ത്രണങ്ങൾ അനുസരിച്ച്‌ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പരമാവധി പരിധി മൊത്തം തൊഴിലാളികളുടെ 40 ശതമാനമായിരിക്കും. ബംഗ്ലാദേശി തൊഴിലാളികളുടെ എണ്ണവും 40 ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്.

യെമൻ തൊഴിലാളികളുടെ പരമാവധി പരിധി 25 ശതമാനമായും നിശ്ചയിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാ‌‍രെ നിയമിക്കുന്നതിനുള്ള പ്രത്യേക പരിധി പോർട്ടൽ ചില സ്ഥാപനങ്ങളെ ഇ – മെയിലുകളിലൂടെ അറിയിച്ചതായും സൗദി ​ഗസറ്റ് റിപ്പോ‍ർട്ട് ചെയ്തു. ഇ – മെയിലിന്റെ പകർപ്പ് സൗദി ഗസറ്റിന് ലഭിച്ചതായാണ് വിവരം.