കൊച്ചി: നിക്ഷേപ ചർച്ചകൾക്കായി കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. സാബു ജേക്കബിൻ്റെ നേതൃത്വത്തിലുളള ആറംഗ സംഘം നാളെ തെലങ്കാനയിലേക്ക് പോകും. നാളെ ഉച്ചയ്‌ക്ക് ഹൈദരാബാദിലാണ് ഉന്നതതല ചർച്ച നടക്കുന്നത്. തെലങ്കാന വ്യവസായ മന്ത്രിയുടെ ക്ഷണം അനുസരിച്ചാണ് സാബു ജേക്കബും സംഘവും തെലങ്കാനയിലേക്ക് പോകുന്നത്.
തെലങ്കാന സർക്കാർ അയയ്ക്കുന്ന സ്വകാര്യ ജെറ്റ് വിമാനത്തിലാണ് കിറ്റെക്‌സ് സംഘം കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുന്നത്. നിക്ഷേപം നടത്താൻ മികച്ച സൗകര്യങ്ങളാണ് തെലങ്കാന സർക്കാർ വാഗ്‌ദ്ധാനം ചെയ്‌തിരിക്കുന്നത്. നേരത്തെ വ്യവസായ മന്ത്രി കെ ടി രാമ റാവുവുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും സാബു ജേക്കബ് ടെലിഫോണിൽ ചർച്ച നടത്തിയിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് കൂടിക്കാഴ്‌ചയ്ക്കായി സ്വകാര്യ ജെറ്റ് വിമാനം അയച്ച് കിറ്റെക്‌സിനെ തെലങ്കാന ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻറെ മകനാണ് വ്യവസായ മന്ത്രിയായ കെ ടി രാമ റാവു. തമിഴ്‌നാടും കർണാടകവും ഉൾപ്പടെ ഒൻമ്പത് സംസ്ഥാനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്താൻ കിറ്റെക്‌സിനെ ക്ഷണിച്ചിരിക്കുന്നത്.