തിരുവനന്തപുരം: കൊറോണ ചികിത്സയ്ക്കായുള്ള സ്വകാര്യ ആശുപത്രികളുടെ ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സർക്കാർ. 2645 മുതൽ 9776വരെയാണ് പുതിയ നിരക്ക്. ഹൈക്കോടതിയിലാണ് സർക്കാർ ഇതറിയിച്ചത്. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന പഴയ ഉത്തരവ് സർക്കാർ റദ്ദാക്കി.
മൂന്ന് വിഭാഗങ്ങളായാണ് പുതിയ നിരക്ക് തീരുമാനിച്ചിരിക്കുന്നത്. 100 ബെഡുകളുള്ള എൻഎബിഎച്ച് ആശുപത്രികളിൽ ജനറൽ വാർഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. പുതിയ സർക്കാർ ഉത്തരവ് 6 ആഴ്‌ച വരെ നടപ്പാക്കാൻ തയ്യാർ ആണെന്ന് സ്വകാര്യ ആശുപത്രികൾ അറിയിച്ചു.
100 ബെഡുകളുള്ള എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിൽ ജനറൽ വാർഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതുക്കി നിരക്ക്.
നേരത്തെ സ്വകാര്യ ആശുപത്രികളുടെ കൊറോണ ചികിത്സാനിരക്ക് ഉത്തരവിൽ ഭേദഗതി വരുത്തിയിരുന്നു. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നു. കെഎപിഎസ് ഗുണഭോക്താക്കളും സർക്കാർ റഫർ ചെയ്യുന്നവരും ഒഴികെയുള്ളവർക്ക് ആശുപത്രി തീരുമാനിക്കുന്ന നിരക്ക് ബാധകമാണ്. നിരക്കുകൾ പൊതു ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകി.