ന്യൂഡെല്‍ഹി: വനിതാ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് മിതാലിയെ ഏകദിന റാങ്കിങ്ങില്‍ നമ്പര്‍ വണ്ണാക്കിയത്.
ഇംഗ്ലണ്ടിനെതിരായ പരമ്പര 1-2 ന് ഇന്ത്യക്ക് നഷ്ടമായെങ്കിലും മിതാലി രാജ് എല്ലാ മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയിരുന്നു. 38കാരിയായ താരം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ 72 റണ്‍സും രണ്ടാം ഏകദിനത്തില്‍ 59 റണ്‍സുമാണ് കണ്ടെത്തിയത്. മൂന്നാം പോരാട്ടത്തില്‍ പുറത്താകാതെ 75 റണ്‍സെടുത്ത് മിതാലി ഇന്ത്യയെ വിജയത്തിലേക്കും നയിച്ചു.
22 വര്‍ഷമായി തുടരുന്ന കരിയറില്‍ ഇത് എട്ടാം തവണയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാങ്കിങില്‍ ഒന്നാമതെത്തുന്നത്. 2005ലാണ് ആദ്യമായി മിതാലി രാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിന് മുന്‍പ് എട്ടാം സ്ഥാനത്തായിരുന്നു മിതാലി. പരമ്പരയില്‍ ആകെ 206 റണ്‍സെടുത്തതോടെ ഒന്നാം റാങ്കിലേക്ക് ഉയരുകയായിരുന്നു. ബാറ്റിങില്‍ ആദ്യ പത്തിനുള്ളിലുള്ള മറ്റൊരു ഇന്ത്യന്‍ താരം സ്മൃതി മന്ധനയാണ്. താരം ഒന്‍പതാം സ്ഥാനത്താണ്.