കൊറോണ വാക്‌സിനേഷനിൽ കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന; സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷനിൽ മുൻഗണന നൽകി സംസ്ഥാന സർക്കാർ ഉത്തരവ്. പതിനെട്ട് മുതൽ 23 വയസ് വരെയുള്ളവർക്കാണ് മുൻഗണ നൽകുക. ഇതര സംസ്ഥാന തൊഴിലാളികൾ, മാനസിക വൈകല്യമുള്ളവർ, സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാർ എന്നിവർക്കും വാക്‌സിനേഷന് മുൻഗണന നൽകുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും മുൻഗണന ലഭിക്കും. കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള അതിഥി തൊഴിലാളികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും സെക്രട്ടറിയേറ്റിലെയും നിയമസഭയിലെയും ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.

നേരത്തെ 56 വിഭാഗങ്ങൾക്ക് കൊറോണ വാക്‌സിനേഷന് മുൻഗണന നൽകിയിരുന്നു. ഇതിനു പുറമേയാണ് പുതിയ മുൻഗണനാ വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.