പുതിയ കുര്‍ത്ത വാങ്ങി പശുപതി പരസ് ; മന്ത്രി കുപ്പായമോയെന്ന് മാധ്യമങ്ങള്‍

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭ പുനസംഘടന പ്രതീക്ഷിച്ച് ഇരിക്കുകയാണ് ബിജെപിയോട് അടുത്ത പ്രധാന രാഷ്ട്രീയ നേതാക്കള്‍. പല പ്രമുഖരുടേയും പേരുകള്‍ പുതിയ കേന്ദ്രമന്ത്രിമാരുടെ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും തീരുമാനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. അങ്ങനെയിരിക്കെയാണ് ബീഹാര്‍ എംപിയും എല്‍ജെപി നേതാവുമായ പശുപതി പരസിന്റെ ഷോപ്പിംഗ് ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.

തിങ്കളാഴ്ച പുതിയ കുര്‍ത്തകള്‍ വാങ്ങുന്നതിലുള്ള തിരക്കിലായിരുന്നു പശുപതി പരസ്. നരേന്ദ്ര മോദി സര്‍ക്കാര്‍ പുനസംഘടനയ്ക്ക് ഒരുങ്ങുന്നുവെന്ന സൂചനകളും ഷോപ്പിങ്ങും ചേര്‍ത്ത് വായിച്ചപ്പോഴാണ് ഇത് മന്ത്രി കുപ്പായമാണോയെന്ന് ചില ദേശീയ മാധ്യമങ്ങള്‍ അന്വേഷിച്ചത്.

മന്ത്രിസഭയിലേക്ക് ക്ഷണം ലഭിച്ചോ, സത്യപ്രതിജ്ഞയ്ക്കുള്ള കുപ്പായമാണോ വാങ്ങിയത് എന്ന് ആരാഞ്ഞപ്പോള്‍ രഹസ്യം രഹസ്യമായിരിക്കട്ടെയെന്നാണ് പശുപതി പരസ് പ്രതികരിച്ചത്. ലോക് ജനശക്തി പാര്‍ട്ടി നേതാവായിരുന്ന രാം വിലാസ് പസ്വാന്റെ സഹോദരനാണ് പശുപതി പരസ്. ഇദ്ദേഹം അടുത്തിടെ പാര്‍ട്ടിയില്‍ നടത്തിയ അട്ടിമറി നീക്കങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാനെ പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടാണ് പരസിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങള്‍.

ചിരാഗ് ഒഴികെയുള്ള പാര്‍ട്ടി എംപിമാരെ കൂടെ നിര്‍ത്തായിയിരുന്നു പരസ് പ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഇത് രാം വിലാസ് പസ്വാന്‍ മരിച്ചപ്പോള്‍ ഒഴിവ് വന്ന കേന്ദ്രമന്ത്രിസ്ഥാനത്തില്‍ നോട്ടമിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രിസഭ പ്രവേശനം സംബന്ധിച്ച് ചില സൂചനകള്‍ അദ്ദേഹം നല്‍കുകയും ചെയ്തു. അതിനാലാണ് പശുപതി പരസിന്റെ ഷോപ്പിംഗ് മന്ത്രി കുപ്പായമാണെന്ന സംശയങ്ങള്‍ ബലപ്പെടുന്നത്.