കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; കുടുങ്ങിയവര്‍ പിജെ ആര്‍മിയിലെ ആളുകൾ;തനിക്കെതിരെ പിണറായി സര്‍ക്കാരിന് ഏതന്വേഷണവും നടത്താമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: തനിക്കെതിരെ പിണറായി സര്‍ക്കാരിന് ഏതന്വേഷണവും നടത്താമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ ഒരുരൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായോ, തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ നടത്തിയതായി തെളിയിച്ചാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ട്രസ്റ്റിനെ പറ്റിയും സ്‌കൂളിനെ പറ്റിയും വിജിലന്‍സിന് അന്വേഷിക്കാം. തനിക്കെതിരെ പരാതി നല്‍കിയാളുടെ വിശ്വാസ യോഗ്യത സര്‍ക്കാര്‍ പരിശോധിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

പരാതി ഉന്നയിച്ച പ്രശാന്ത് ബാബു തന്റെ ഡ്രൈവറായിരുന്നില്ലെന്നും ഡിസിസി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. അദ്ദേഹം കോണ്‍ഗ്രസിന്റെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ആയിരുന്നു. അദ്ദേഹത്തിന് ജോലി നല്‍കിയത് പാര്‍ട്ടിയാണ്. അതിലേറെ നന്ദികേട് കാട്ടിയതിനാണ് പാര്‍ട്ടി പുറത്താക്കിയത്. തന്നെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആളാണെന്നും സുധാകരന്‍ പറഞ്ഞു.

വിശ്വാസയോഗ്യമായ ഒരാളുടെ പരാതിയിലാണ് സര്‍ക്കാര്‍ കേസ് എടുത്തതെങ്കില്‍ അത് മനസിലാക്കാന്‍ കഴിയും. ലക്ഷങ്ങളുടെ തിരിമറി നടത്തിയതിന് ഇയാളെ ബാങ്കില്‍ നിന്ന് പുറത്താക്കിയത് കോണ്‍ഗ്രസ് അല്ല. സിപിഎം ആണ്. എയര്‍പോര്‍ട്ടില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നാണ് ഇയാള്‍ പണം വാങ്ങിയത്. ഇങ്ങനെയൊരാള്‍ പറയുന്നതിന് അനുസരിച്ച് എംപിക്കെതിരെ കേസ് എടുക്കമ്പോള്‍ അനുവര്‍ത്തിക്കേണ്ട മുന്‍ കരുതല്‍ പാലിച്ചിട്ടുണ്ടോയെന്ന് ഭരണകൂടം ചിന്തിക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങിയവര്‍ പിജെ ആര്‍മിയിലെ ആളുകളാണ്. കൊടി സുനിക്കെതിരെ നീങ്ങാന്‍ പാര്‍ട്ടിക്ക് ആകില്ലെന്നും കൊടി സുനി പാര്‍ട്ടിയിലില്ലെന്ന്‌ പറയാന്‍ സിപിഎമ്മിന് ധൈര്യമുണ്ടോ?. സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡ് ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ ബോസിനെ കണ്ടെത്തണമെന്നും സുധാകരന്‍ പറഞ്ഞു.