വൈദ്യുതി കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വിശദീകരണവുമായി മന്ത്രി കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വൈദ്യുതിബിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്‌ഷൻ വിച്ഛേദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. അത്തരത്തിലുള്ള വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കുടിശ്ശികയുള്ളവർക്ക് നോട്ടീസ് നൽകാൻ വൈദ്യുതി ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

മേയ് അഞ്ചിന് നടന്ന പത്രസമ്മേളത്തിൽ കുടിശ്ശിക പിരിവ് രണ്ടുമാസത്തേക്ക്‌ നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ തീരുമാനത്തിൽ മാറ്റം വന്നിട്ടില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. കുടിശ്ശികയുടെ വിശദാംശങ്ങൾ പരിശോധിച്ചശേഷമേ തീരുമാനം പുനഃപരിശോധിക്കൂ. അതുവരെ നിലവിലെ സ്ഥിതി തുടരുമെന്നും മന്ത്രി അറിയിച്ചു.

കുടിശ്ശികയുള്ളവർക്ക് ആവശ്യമെങ്കിൽ തവണകളായി അടയ്ക്കാനുള്ള സൗകര്യവും സാവകാശവും നൽകാൻ കെഎസ്ഇബി സെക്‌ഷൻ ഓഫീസുകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന് തയ്യാറാകാത്തവരുടെ കണക്‌ഷൻ വിച്ഛേദിക്കാനും തീരുമാനിച്ചിരുന്നു. കുടിശ്ശിക അടയ്ക്കാൻ സാഹചര്യങ്ങൾ വിലയിരുത്തി ഉപഭോക്താക്കൾക്ക് എത്ര തവണകൾ നൽകണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർമാർക്ക് തീരുമാനിക്കാം.

കൊറോണ രണ്ടാം തരംഗത്തിലെ ലോക്ഡൗണിൽ ജൂൺവരെയുള്ള കണക്കനുസരിച്ച് ഏകദേശം 600 കോടിരൂപയാണ് ബിൽത്തുകയായി കെഎസ്ഇബിക്ക്‌ കിട്ടാനുള്ളത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കുടിശിക പിരിവ് ഊർജ്ജിതമാക്കാനായിരുന്നു കെഎസ്ഇബി നീക്കം.