റിയോ ഡി ജനീറോ: ഇക്വഡോറിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക സെമി ഫൈനലില്‍. 40ാം മിനിറ്റില്‍ റോഡ്രിഗോ ഡി പോളിന്റേയും 84ാം മിനിറ്റില്‍ ലൗതാരോ മാര്‍ട്ടിനസിന്റേയും ഇഞ്ചുറി ടൈമില്‍ മെസിയുടേയും ഗോള്‍ ബലത്തിലാണ് സെമിയിലേക്ക് കടക്കുന്നത്. സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
മെസിയുടെ മികച്ചൊരു കളി മെനയലാണ് 40ാം മിനിറ്റില്‍ ഗോള്‍ വല കുലുക്കാന്‍ പാകത്തില്‍ ഡി പോളിനെ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് അര്‍ജന്റീനയുടെ രണ്ട് മികച്ച മുന്നേറ്റങ്ങളാണ് ഇക്വഡോര്‍ ഗോള്‍കീപ്പര്‍ തടഞ്ഞത്. ആദ്യം മെസിയില്‍ നിന്ന് ലഭിച്ച ക്രോസില്‍ ഹെഡ് ചെയ്ത് വല കുലുക്കാനുള്ള ഗോണ്‍സാലസിന്റെ ശ്രമം ഗലിന്‍ഡസ് തടസപ്പെടുത്തി. എന്നാല്‍ ഇവിടെ ഗോണ്‍സാലസിന്റെ റീബൗണ്ട് ഷോട്ടും ഇക്വഡോര്‍ ഗോള്‍കീപ്പര്‍ തടഞ്ഞു.
84ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ രണ്ടാമത്തെ ഗോള്‍. ഇക്വഡോറിന്റെ പ്രതിരോധത്തിലെ പിഴവില്‍ നിന്നാണ് അര്‍ജന്റീന ഇവിടെ ഗോള്‍വല കുലുക്കിയത്. ഡി മരിയയില്‍ നിന്നും മെസിയിലേക്ക്. മെസിയില്‍ നിന്ന് മാര്‍ട്ടിനസിലേക്ക്. ഇവിടെ പന്ത് ഗോള്‍പോസ്റ്റിന്റെ ടോപ് കോര്‍ണറിലേക്കിട്ട് ഫിനിഷ് ചെയ്യുന്നതില്‍ ഇന്ററിന്റെ മുന്നേറ്റ നിര താരത്തിന് പിഴച്ചില്ല.
ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് മെസി വല കുലുക്കിയത്. ഫ്രീകിക്കില്‍ നിന്നാണ് മെസി ഇവിടെ വല കുലുക്കിയത്. കോപ്പയിലെ ഈ വര്‍ഷത്തെ മെസിയുടെ ഫ്രീകിക്കില്‍ നിന്നുള്ള രണ്ടാമത്തെ ഗോളാണ് ഇത്. കളിയില്‍ രണ്ട് അസിസ്റ്റും ഒരു ഗോളുമായി ഇക്വഡോറിന് എതിരെ മെസി നിറഞ്ഞു.