കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയുടെ നഷ്ടപ്പെട്ടുവെന്നു പറയുന്ന സ്മാര്‍ട്ട് ഫോണ്‍ കണ്ടെടുക്കാന്‍ നീക്കവുമായി കസ്റ്റംസ്. ഇതിനായി അര്ജുന് പോയിട്ടുള്ള സ്ഥലങ്ങളിലെത്തിയും ബന്ധപ്പെട്ടിട്ടുള്ള ആളുകളെ സമീപിച്ചും തെളിവെടുപ്പ് നടത്തും.
ഫോണിലെ വാട്സാപ്പ് ചാറ്റുകളും വോയ്സ് ക്ലിപ്പിംഗുകളും വീണ്ടെടുത്താൻ കേസില്‍ കൂടുതല്‍ പേരുടെ പങ്ക് തെളിയിക്കാനാകുമെന്ന നിഗമനത്തിലാണ് കസ്റ്റംസ്. സ്വര്‍ണം കടത്തുന്ന രീതി പൂര്‍ണമായി പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് അന്വേഷണം പുരോഗമിക്കുന്നത്.
എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതി അര്‍ജുനെ ജൂലൈ ആറുവരെയും മുഹമ്മദ് ഷെഫീക്കിനെ ജൂലൈ അഞ്ചു വരെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.