കിരൺ സാധുവായ യുവാവ്; പ്രതിയെ രക്ഷിക്കാൻ പതിവ് തന്ത്രങ്ങളുമായി ആളൂരെത്തി

കൊല്ലം: വിസ്മയയുടെ ദുരൂഹമരണത്തിൽ പ്രതി ചേർക്കപ്പെട്ട് റിമാൻഡിലായ ഭർത്താവ് കിരൺ കുമാറിനുവേണ്ടി ജാമ്യാപേക്ഷയുമായി അഡ്വ. ബിഎ ആളൂർ ശാസ്താംകോട്ട കോടതിയിൽ ഹാജരായി. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ കോടതി നടപടി ആരംഭിച്ചപ്പോൾത്തന്നെ ആദ്യ കേസായി വിസ്മയ കേസ് വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു. ഉച്ചയ്ക്ക് 12നാണ് കേസ് വീണ്ടും വിളിച്ചത്.

കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കിരണിന് ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂർ കോടതിയിൽ പറഞ്ഞു. കിരൺ സാധുവായ യുവാവാണെന്നും മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം വിസ്മയ ആത്മഹത്യ ചെയ്തതെന്നും ആളൂർ വാദിച്ചു. അന്വേഷണം പാതിവഴിയിലാണെന്നും ഇപ്പോൾ ജാമ്യം നൽകിയാൽ കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.

ഇപ്പോൾ ജാമ്യം നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാമ്യ ഹർജിയിൽ വിധി പറയാൻ കേസ് ഈ മാസം അഞ്ചിലേക്ക് മാറ്റി. ഗുരുതരമായ വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ തള്ളാനാണ് സാദ്ധ്യതയെന്ന് നിയമ വിദഗ്ദ്ധർ പറയുന്നു. ഇത്തരം കേസുകളിൽ ജില്ലാ സെഷൻസ് കോടതികളാണ് പലപ്പോഴും ജാമ്യം അനുവദിക്കുന്നത്.

ആളൂരിനോടൊപ്പം നിരവധി ജൂനിയർ അഭിഭാഷകരും കിരണിന്റെ പിതാവും സഹോദരീ ഭർത്താവും കോടതിയിൽ എത്തിയിരുന്നു. ഷൊർണൂരിൽ തീവണ്ടിയിൽ വച്ച്‌ അതിക്രൂരമായി കൊല്ലപ്പെട്ട സൗമ്യയുടെ ഘാതകൻ ഗോവിന്ദച്ചാമി അടക്കം കോളിളക്കം സൃഷ്ടിക്കുന്ന പല കേസുകളിലും പ്രതി ചേർക്കപ്പെടുന്നവർക്ക് നിയമസഹായവുമായി ആളൂർ എത്താറുണ്ട്.