തൃശൂർ: മുത്തശിയുടെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് മടങ്ങവെ അമിതവേഗതയിലെത്തിയ കാർ ഇടിച്ച് പരിക്കേറ്റ സഹോദരങ്ങളിൽ രണ്ടാമത്തെയാളും മരിച്ചു. കുന്നംകുളം പാറേമ്പാടം കൊങ്ങണൂർകാവിൽ അനുരൂപ് (28) ആണ് മരിച്ചത്. അനുരൂപിന്റെ സഹോദരൻ അനുരാഗ് (26) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അനുരൂപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
കുന്നംകുളം പാറേമ്പാടത്ത് ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മുത്തശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവാക്കളെ അമിതവേഗതയിൽ നിയന്ത്രണം വിട്ടുവന്ന കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അനുരാഗ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അനുരൂപിന് ഗുരുതരമായി പരുക്കേറ്റു.
കാർ യാത്രക്കാരുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകടകാരണമായത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ദൂരേയ്ക്കു തെറിച്ചുവീണു. കാർ ബൈക്കിൽ തട്ടിയ ഉടനെ ഇരുവരും റോഡിൽ തലയിടിച്ചു വീണു.
അനുരാഗായിരുന്നു ബൈക്കിനു പുറകിലിരുന്നത്. പരുക്കേറ്റ അനുരൂപിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു അനുരാഗ്. ഇരുവരും അവിവാഹിതരാണ്.