തിരുവനന്തപുരം: ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ്, പേട്ട സ്വദേശി പ്രവീൺ, മെഡിക്കൽ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് പിടികൂടിയത്.
27നു രാത്രി 8.30നു പേട്ടയ്ക്കു സമീപം അമ്പലത്തുമുക്കിൽ വച്ചാണ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവിയാദവ്, ഉത്തർപ്രദേശ് സ്വദേശി ജസ്വന്ത് എന്നിവർക്ക് വെട്ടേറ്റത്. കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ രാകേഷും പ്രവീണുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.
ഉദ്യോഗസ്ഥരുടെ ഭാര്യമാരെ രാകേഷ് കയറിപ്പിടിക്കാൻ ശ്രമിച്ചതു തടഞ്ഞതോടെയാണ് ഉദ്യോഗസ്ഥർക്കു വെട്ടേറ്റത്. സ്‌കൂട്ടർ ഓടിച്ചിരുന്ന പ്രവീണും ആക്രമണത്തിൽ പങ്കാളിയായെന്നു സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ പത്രസമ്മേളനത്തിൽ പറഞ്ഞു. പിടിയിലായ മറ്റു രണ്ടുപേർ രാകേഷിനെയും പ്രവീണിനെയും രക്ഷപ്പെടാൻ സഹായിച്ചവരാണെന്നും കമ്മിഷണർ പറഞ്ഞു.
സംഭവത്തിനുശേഷം ഉദ്യോഗസ്ഥരുടെ വീടുകൾക്കു മുന്നിലെത്തിയും പ്രതികൾ ഭീഷണി മുഴക്കിയിരുന്നു. പ്രതികളെ കൊല്ലത്തുനിന്നാണ് പിടികൂടിയതെന്ന് കമ്മിഷണർ പറഞ്ഞു. രാകേഷിനെയും പ്രവീണിനെയും ഷിബു തിരുവല്ലത്ത് എത്തിച്ചു. അവിടെനിന്ന് അഭിജിത്തിന്റെ സഹായത്തോടെ ഇരുവരും കൊല്ലത്തേക്കു കടന്നതെന്നും കമ്മിഷണർ പറഞ്ഞു.
പ്രതികൾ ഉപയോഗിച്ചിരുന്ന സ്‌കൂട്ടർ പൊലീസ് പിടിച്ചെടുത്തു. പ്രതികളെ സഹായിച്ച എല്ലാവരെയും പിടികൂടുമെന്നും 30 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും കമ്മിഷണർ പറഞ്ഞു. പിടിയിലായ രാകേഷിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടായിരുന്നു. മോഷണക്കേസിൽ രണ്ടുവർഷത്തെ ശിക്ഷ ലഭിച്ച ഇയാൾ 2019 ഫെബ്രുവരിയിലാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.