ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടുൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിലെ ചിൽമ്മാറിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ നടന്ന ഏറ്റമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചിൽമ്മാറിൽ ആക്രമണം നടന്നത്. സ്ഥലത്ത് വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രദേശത്ത് കൂടുതൽ ഭീകരരുണ്ടോയെന്ന് അറിയാൻ തിരച്ചിലും തുടങ്ങിയിട്ടുണ്ട്. അതേസമയം സാങ്കേതിക വിദ്യ ഉപയോഗിച്ച് ജമ്മുവിമാനത്താവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്ന അനുമാനത്തിലാണ് എൻഐഎ. ഡ്രോണുകൾ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് സ്ഥലം കണ്ടെത്തുന്ന രീതിയിൽ പ്രോഗ്രാം ചെയ്തെന്നാണ് കണ്ടെത്തൽ.

ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായും ഏജൻസി സംശയിക്കുന്നു. കൂടാതെ ഡ്രോണുകൾ പറത്തുന്നതിന് പ്രാദേശിക സഹായം ലഭിച്ചോ എന്ന് കാര്യവും പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്.