ജമ്മു: ഡ്രോൺ ഉപയോഗിച്ച് ജമ്മുവിലെ വ്യോമസേന കേന്ദ്രത്തിൽ ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കി. അതിർത്തി ജില്ലയായ രജൗരിയിൽ ഡ്രോൺ ഉൾപ്പെടെയുള്ള വിദൂര നിയന്ത്രിത പറക്കും പേടകങ്ങൾക്ക് വിലക്കേർപ്പെടുത്തി.ഇവയുടെ സംഭരണം, വിൽപന, ഉപയോഗം എന്നിവക്കാണ് ജില്ല ഭരണകൂടം നിരോധനമേർപ്പെടുത്തിയത്.
സർക്കാർ ഏജൻസികൾ സർവേക്കും മറ്റ് ആവശ്യങ്ങൾക്കും ഡ്രോണുകൾ ഉപയോഗിക്കുന്നതിന് മുമ്പ് സമീപത്തെ പൊലീസ്സ്റ്റേഷനിൽ അറിയിക്കണം. ഡ്രോണുകൾ കൈവശമുള്ളവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഏൽപിക്കണമെന്ന് രജൗരി ജില്ല മജിസ്ട്രേറ്റ് രാജേഷ് കുമാർ ശവൻ അറിയിച്ചു.
അതെ സമയം ജമ്മുവിൽ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോൺ കണ്ടെത്തി. തുടർച്ചയായ നാലാംദിവസമാണ് ഡ്രോണുകൾ കണ്ടെത്തുന്നത്. ഇതോടെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.