ന്യൂഡെൽഹി: ഡെൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ കൊറോണ ബാധിതരിൽ അപൂർവ അനുബന്ധ രോഗം കണ്ടെത്തി. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവമാണ് അഞ്ചുപേരിൽ കണ്ടെത്തിയത്. സൈറ്റോമെഗലോവൈറസാണ് രോഗകാരിയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൊറോണ പോസിറ്റീവായ ശേഷമാണ് അഞ്ച് പേരിലും രോഗം റിപ്പോർട്ട് ചെയ്തത്.
രണ്ടാംതരംഗത്തിൽ ഏപ്രിൽ-മേയ് കാലയളവിലാണ് അഞ്ച് പേരിൽ അപൂർവ രോഗം റിപ്പോർട്ട് ചെയ്തത്. കൊറോണ വന്ന് 20നും 30നും ദിവസത്തിനിടെ വയറുവേദന അനുഭവപ്പെടുകയും മലദ്വാരത്തിൽ നിന്ന് രക്തം വരികയുമായിരുന്നു.
രണ്ട് പേരിൽ രക്തസ്രാവം ഗുരുതരമായിരുന്നുവെന്നും ഇതിൽ ഒരാൾക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നെന്നും ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നു. ഒരാൾ കടുത്ത രക്തസ്രാവവും കൊറോണ അനുബന്ധ നെഞ്ചുരോഗങ്ങളെയും തുടർന്ന് മരണത്തിന് കീഴടങ്ങി.
ബാക്കി മൂന്നുപേരെയും ആന്റിവൈറൽ ചികിത്സയിലൂടെ രോഗമുക്തരാക്കിയെന്ന് സർ ഗംഗാറാം ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ഗാസ്‌ട്രോഎൻഡ്രോളജി ആൻഡ് പാൻക്രിയേറ്റികോബിലറി സയൻസസ് വിഭാഗം ചെയർമാൻ ഡോ. അനിൽ അറോറ പറഞ്ഞു. ഇത്തരം കേസുകളിൽ ഉടൻ രോഗം കണ്ടെത്തുന്നതും ഫലപ്രദമായ ആന്റിവൈറൽ ചികിത്സയും ജീവൻ രക്ഷിക്കുമെന്ന് മറ്റൊരു മുതിർന്ന ഡോക്ടറായ പ്രവീൺ ശർമ ചൂണ്ടിക്കാട്ടി.